തിരുവനന്തപുരം: പി എസ് സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒട്ടേറെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തില്‍ വഴിവിട്ട രീതികളുണ്ടാകാറില്ല. നാട്ടില്‍ പല തട്ടിപ്പുകള്‍ക്കു വേണ്ടി ആളുകള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള നടപടികള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചോദ്യോത്തരവേളയില്‍ യുഡിഎഫ് അംഗം എന്‍ ഷംസുദ്ദീന്‍ ആണ് പി എസ് സി കോഴ നിയമസഭയില്‍ ഉന്നയിച്ചത്. പി എസ് സി അംഗമായി നിയമിക്കാനായി കോഴിക്കോട്ടെ ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന് ഷംസുദ്ദീന്‍ ചോദിച്ചു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് എസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതെന്നാണ് ആരോപണം. പിഎസ് സി അംഗത്വത്തിനായി 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 22 ലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍ പിഎസ് സി അംഗമായി നിയമനം കിട്ടാതായതോടെയാണ് പാര്‍ട്ടിയില്‍ പരാതിപ്പെടുന്നത്.