Kerala

സിപിഎമ്മിന് എസ്എഫ്ഐ ബാധ്യതയാകുമോ; ന്യായീകരിച്ച് കുഴഞ്ഞ് നേതാക്കള്‍

ഇന്ന് സിപിഎമ്മിന്റെ തലപ്പൊക്കമുള്ള നേതാക്കളെല്ലാം ഉയര്‍ന്നു വന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു. ആദ്യം കേരള സ്റ്റുഡന്‍സ് ഫെഡറേഷനും പിന്നീട് എസ്എഫ്‌ഐയും ഇവര്‍ക്ക് പലര്‍ക്കും കളരിയായി. ഇക്കാലത്തിനിടെ നിര്‍ണ്ണായകമായ പല സമര പോരാട്ടങ്ങള്‍ക്കും എസ്എഫ്‌ഐ നേതൃത്വം നല്‍കി. ഇത് ചരിത്രം. സമീപകാലത്തായി എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഭവങ്ങള്‍ പലതും അക്രമത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. പാര്‍ട്ടിയുടെ പോഷക സംഘടനയല്ല എസ്എഫ്‌ഐ എന്ന് പറയുമെങ്കിലും ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ പ്രയാസപ്പെടുകയാണ് സിപിഎം. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി റാഗിങിനും കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയ്ക്കും വിധേയമായതും, കാര്യവട്ടം കാമ്പസിലെ ഇടിമുറിയുമെല്ലാം ഈ സംഭവങ്ങളില്‍ ഒടുവിലത്തേത് മാത്രമാണ്. നിയമസഭയിലടക്കം മുഖ്യമന്ത്രിയും നേതാക്കളും ന്യായീകരിക്കുന്നുണ്ട് എങ്കിലും തിരുത്തല്‍ വേണമെന്ന് തന്നെയാണ് സിപിഎമ്മിലെ പൊതുഅഭിപ്രായം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് സിദ്ധാര്‍ത്ഥന്റെ മരണമുണ്ടാകുന്നത്. ഈ സംഭവം പ്രതിപക്ഷം പ്രധാന ആയുധമായി ഉയര്‍ത്തി. ജനകീയ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് നിലവിലെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ശ്രമിച്ച ഭരണമുന്നണിക്ക് പക്ഷെ ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ളവരാണ് കേസില്‍ പ്രതിയായത്. ഒടുവില്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങി, 20ല്‍ 19 സീറ്റും പോയതോടെ തിരുത്തലുണ്ടാകുമെന്ന് പ്രഖ്യാപനം വന്നെങ്കിലും ഒന്നും ഉണ്ടായില്ല. കാര്യവട്ടം കാമ്പസില്‍ കെഎസ്യു നേതാവിനെ ഇടിമുറിയില്‍ കയറ്റി മര്‍ദ്ദിച്ചും കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ മുഖത്തടിച്ചും എസ്എഫ്ഐ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.

എസ്എഫ്ഐയുടെ കാടത്തം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉന്നയിക്കുകയാണ്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജീവന്‍രക്ഷാ പ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി നല്‍കിയ പ്രോത്സാഹനത്തിന്റെ ആവേശമാണ് ക്യാംപസുകളില്‍ കാണുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചതാണ്. കഴിഞ്ഞ ദിവസം നിയമസഭയിലും വീണ്ടും ഇതേ വിമര്‍ശനം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. എന്നാല്‍ അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമായിരുന്നു എന്നതില്‍ മാറ്റമില്ല എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. ഒപ്പം രക്തസാക്ഷികളുടെ കണക്ക് പറഞ്ഞുള്ള ന്യായീകരണവും ഉണ്ടായി. അല്ലാതെ അക്രമത്തെ തള്ളിപറയുന്ന ഒന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികളെ ക്രിമിനല്‍ സംഘമായി സിപിഎം മാറ്റി എന്നായിരുന്ന പ്രതിപക്ഷത്തിന്റെ മറുപടി.

എസ്എഫ്‌ഐ പ്രതിസ്ഥാനത്തു വന്ന വിവാദങ്ങള്‍ സമീപകാലത്ത് സിപിഎമ്മിന് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപക നിയമനത്തിന് ശ്രമിച്ച വിദ്യ, എഴുതാത്ത പരീക്ഷ വിജയിച്ച സംസ്ഥാന സെക്രട്ടറി ആര്‍ഷോ, ഇങ്ങനെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ തന്നെ ചോദ്യം ചെയ്യുന്ന വിവാദങ്ങളുണ്ടായി. ഇതോടെ എസ്എഫ്‌ഐ നേതാക്കളെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി സംസ്ഥാന നേതൃത്വം അന്ത്യശാസനം നല്‍കിയിരുന്നു. ഒപ്പം എങ്ങനെ നല്ല നേതാക്കളാകാം എന്ന വിഷയത്തില്‍ ഇഎംഎസ് അക്കാദമിയില്‍ ഒരു ക്യാംപും സംഘടിപ്പിച്ചു. എന്നാല്‍ ഇതൊന്നും ഗുണം ചെയ്തില്ല എന്നതാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ നല്‍കുന്ന സൂചന.

ഘടകകക്ഷിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് നേരെ പോലും എസ്എഫ്‌ഐ നേതാക്കളില്‍ നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ വനിതാ നേതാവിനെ ചവിട്ടി വീഴ്ത്തി ജാതിപ്പേര് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും അസഭ്യം പറയുകയും ചെയ്തതിന് കേസ് ഇപ്പോഴും നിലവിലുണ്ട്. പത്തനംതിട്ട കടമനിട്ട മൗണ്ട് സിയോണ്‍ ലോ കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകയുടെ ചെവിയടിച്ചു പൊട്ടിച്ചതും എസ്എഫ്‌ഐ നേതാവായിരുന്നു.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് എഴുതിയ കൊടിയുമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത്. മാറ്റം അനിവാര്യമാണ് എന്നാണ് രാഷ്ട്രീയ ഭേദമെന്യേ ഉയരുന്ന ആവശ്യം. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ തന്നെ എസ്എഫ്ഐ തിരുത്തണമെന്ന ആവശ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രാകൃത ശൈലി തിരുത്തണമെന്നും അല്ലെങ്കില്‍ മുന്നണിക്ക് തന്നെ എസ്എഫ്ഐ ബാധ്യതയാകും എന്നുമുള്ള രൂക്ഷ വിമര്‍ശനമാണ് സിപിഐയില്‍ നിന്നുമുണ്ടായത്

പ്രത്യക്ഷത്തില്‍ ന്യായീകരിക്കുന്നുണ്ട് എങ്കിലും തിരുത്തല്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സംഘടനയ്ക്കുള്ളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എസ്എഫ്ഐയും ഒരു കാരണമായെന്ന് മേഖലാ അവലോകന യോഗങ്ങളില്‍ എംവി ഗോവിന്ദന്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിഷയം ചര്‍ച്ചയായി. കുട്ടി സഖാക്കളെ എങ്ങനെ തിരുത്തണം എന്നതിലാണ് ഇപ്പോള്‍ നേതൃത്വം തല പുകയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top