കണ്ണൂർ: കണ്ണൂരിൽ നവകേരള ബസിന് കരിങ്കൊടി കാണിച്ചവരെ ക്രൂരമായി ആക്രമിച്ചതിനെ രക്ഷാപ്രവർത്തനമെന്നാണ് പിണറായി വിജയൻ ഇപ്പോഴും ന്യായീകരിക്കുന്നത്. സംഭവം നടന്ന് എട്ട് മാസം കഴിയുമ്പോഴും ദുരിതജീവിതമാണ് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്. തലയിൽ രക്തം കട്ടപിടിച്ചതും കേൾവി നഷ്ടമായതുമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്ന രക്ഷാ പ്രവർത്തനത്തിന്‍റെ ബാക്കി.
നവകേരളത്തിലെ മാതൃകാ യുവത്വമാണ് പഴയങ്ങാടിയിലെ ‘രക്ഷാപ്രവർത്തകർ’ മുഖ്യമന്ത്രിക്ക്. ചെടിച്ചട്ടിയും ഹെൽമറ്റും കൊണ്ട് നടത്തിയ സൽകൃത്യം ഇനിയും തുടരട്ടെ എന്ന ആഹ്വാനത്തിൽ നിന്ന് അദ്ദേഹം പിന്നോട്ടേ പോയിട്ടില്ല. ഡിവൈഎഫ്ഐ പഴയങ്ങാടിയിൽ രക്ഷപ്പെടുത്തിയവരുടെ സ്ഥിതി പിന്നീടെന്താണെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. യൂത്ത് കോൺഗ്രസിന്‍റെ ജില്ലാ വൈസ് പ്രസിഡന്‍റ് സുധീഷ് വെളളച്ചാൽ ആണ് മർദ്ദനത്തിന് ഇരയായതിൽ ഒരാൾ.
ബസിന് കരിങ്കൊടി കാണിച്ചതിനാണ് സുധീഷിനെ തലയ്ക്കടിച്ചത്. അടിയേറ്റ് സുധീഷ് തലശ്ശേരിയിൽ രണ്ട് ദിവസം ഐസിയുവിൽ ആയിരുന്നു. പിന്നീട് മംഗളൂരുവിലും ചികിത്സ തേടി. ഇപ്പോഴും ചികിത്സയിലാണ് സുധീഷ്. ഇനിയും ശസ്ത്രക്രിയ വേണ്ടി വരും. പരിക്കേറ്റതോടെ ജോലിക്ക് പോക്കും മുടങ്ങിയെന്ന് യൂത്ത് കോൺ നേതാവ് സുധീഷ് പറയുന്നു. ചെവിക്കടിയേറ്റ മറ്റൊരു കെഎസ്‍യു പ്രവർത്തകൻ സഞ്ജുവിന് ഇതുവരേയും കേൾവി പൂർണമായി തിരിച്ചുകിട്ടിയിട്ടില്ല.