അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ കാവി വസ്ത്രം മാറ്റി ക്ഷേത്ര ട്രസ്റ്റ്. കാവിക്ക് പകരം മഞ്ഞ നിറത്തിലെ വസ്ത്രങ്ങള്‍ അണിയാനാണ് പൂജാരിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ കാവി നിറത്തിലെ കുര്‍ത്തയും ദോത്തിയും തലപ്പാവുമായിരുന്നു വേഷം. ഇനി മുതല്‍ മഞ്ഞ നിറത്തിലുള്ള കോട്ടണ്‍ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കണം. സനാതന ധര്‍മ്മം അനുസരിച്ച് പൂജാരിമാര്‍ തലയും കയ്യും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും ട്രസ്റ്റ് വ്യക്തമാക്കി. പൂജാരിമാര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ നിലവില്‍ ഒരു പ്രധാന പുരോഹിതനും നാല് സഹപൂജാരിമാരുമാണ് ഉള്ളത്. ഇവരെ കൂടാത 20 പൂജാരിമാരെ സഹായികളായും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാമാണ് പുതിയ ഡ്രസ് കോഡ് കൊണ്ടുവന്നത്. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 11 മണിവരെയാണ് ക്ഷേത്രത്തിലെ പൂജാസമയം. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂര്‍ വീതമാണ് ക്ഷേത്രത്തില്‍ ഡ്യൂട്ടി ചെയ്യുന്നത്.
ക്ഷേത്രത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. എന്നാല്‍ ക്ഷേത്രത്തില്‍ ചോര്‍ച്ചയുള്ളതായുള്ള ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയന്ത്രണമെന്നും വിമര്‍ശനമുണ്ട്.