ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8,9 തീയതികളില്‍ റഷ്യ സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം.
മൂന്നാംവട്ടം അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 22ാമത് ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പുടിന്റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.
ദ്വിദിന റഷ്യന്‍ പര്യടനത്തിനുശേഷം 9ന് പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. 41 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെലെന്‍, ചാന്‍സലര്‍ കാള്‍ നെഹാമ്മെര്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. മോസ്‌കോയിലെയും വിയന്നയിലെയും ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.