ഏറ്റുമാനൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട 48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
അതിരമ്പുഴ, പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്പിൽ വീട്ടിൽ പുള്ള് കുഞ്ഞുമോൻ എന്ന് വിളിക്കുന്ന കുഞ്ഞുമോൻ സി.സി (71) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടിൽ ഷിജു എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (48) എന്നയാളാണ് മരണപ്പെട്ടത്. ജൂൺമാസം പതിനാറാം തീയതി വൈകുന്നേരത്തോടുകൂടി അതിരമ്പുഴ ഭാഗത്ത് വച്ച് സ്കൂട്ടർ ഓടിച്ചു വരവേ ഇയാൾ കുഴഞ്ഞു വീഴുകയും, തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും,
ചികിത്സയിലിരിക്കെ 28 ആം തീയതി മരണപ്പെടുകയും ചെയ്തു. മരണകാരണം പ്ലീഹക്ക് ഏറ്റ ആഘാതമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പതിനാറാം തീയതി ഇവർ ഇരുവരും അതിരമ്പുഴ മാര്‍ക്കറ്റിനു സമാപം ചീട്ടു കളിക്കുന്ന സ്ഥലത്ത് വച്ച് പരസ്പരം ചീത്തവിളിക്കുകയും, സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കുഞ്ഞുമോൻ അവിടെ കിടന്നിരുന്ന കരിങ്കല്ല് കഷണം കൊണ്ട് സെബാസ്റ്റ്യനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായ പരിക്കേറ്റ സെബാസ്റ്റ്യന്റെ വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും, ആന്തരീകാവയവമായ പ്ലീഹയ്ക്ക് ഗുരുതരമായ പരിക്ക് ഉണ്ടാവുകയും ചെയ്തു.
ഇതിനുശേഷം സ്ഥലത്തുനിന്നും മടങ്ങിയ സെബാസ്റ്റ്യൻ പോകുന്ന വഴി കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളുടെ മരണ വിവരമറിഞ്ഞ് കുഞ്ഞുമോന് ഒളിവില്‍ പോവുകയും തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ സൈജു, ജയപ്രകാശ്, ഷാജി സി.പി.ഓ മാരായ അനീഷ്, മനോജ് , ഡെന്നി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.