Kerala

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; റിയാസ് ‘സൂപ്പര്‍ മുഖ്യമന്ത്രി’; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനെതിരെ സിപിഎം തിരുവവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പെരുമാറ്റം ജനം കാണുമായിരുന്നെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സ്പീക്കര്‍ക്കെതിരെയും ശക്തമായ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളെ വരെ സ്വാധീനമുണ്ടെന്ന ജില്ലാ കമ്മറ്റി അംഗത്തിന്റെ വിമര്‍ശനത്തില്‍ വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് – കടകംപള്ളി സുരേന്ദ്രന്‍ തര്‍ക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിമര്‍ശന ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാര്‍ട്ടി നേതാവിനെയും ജനപ്രതിനിയും കരിനിഴലില്‍ നിര്‍ത്തിയെന്നും റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top