Kerala

കാർബൺ നോമ്പ് ആചരിച്ച മാർത്തോമ്മ സഭ മരങ്ങൾ വെട്ടി വിൽക്കുന്നു; ഇരട്ടത്താപ്പെന്ന് വിശ്വാസികള്‍

രാജ്യത്ത് ആദ്യമായി പ്രകൃതി സംരക്ഷണം വിശ്വാസ ആചരണത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തി കൊണ്ട് കഴിഞ്ഞ ഈസ്റ്റർ നോമ്പ് കാലത്ത് ‘കാർബൺ നോമ്പ് ‘ ആചരിച്ച മാർത്തോമ്മ സഭയുടെ നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പ്രകൃതി സംരക്ഷണം വിശ്വാസത്തിന്റെയും ജീവിതചര്യയുടേയും ഭാഗമാക്കിയ സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്‍റെ സ്ഥലത്തെ മരങ്ങൾ വെട്ടി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം.

തിരുവല്ല – മഞ്ഞാടിയിൽ സ്ഥിതി ചെയ്യുന്ന നിക്കോൾസൺ ഹയർ സെക്കൻഡറി സ്കൂളിന്‍റെ പറമ്പിലെ മരങ്ങൾ വെട്ടി വിൽക്കാനുള്ള ടെൻഡർ ക്ഷണിച്ചു കൊണ്ട് സഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യം നൽകിയിട്ടുണ്ട്. ജൂലൈ 15ന് മുമ്പായി ക്വട്ടേഷൻ നൽകണമെന്നാണ് പരസ്യം.

1910ൽ തിരുവല്ല മുനിസിപ്പാലിറ്റിയിലുള്ള ചുണ്ടേൽക്കുന്ന് എന്ന് പ്രകൃതി രമണീയമായ കുന്നിൻ മുകളിലാണ് മാർത്തോമ്മ സഭ പെൺകുട്ടികൾക്കായുള്ള നിക്കോള്‍സണ്‍ സ്കൂൾ ആരംഭിച്ചത്. സ്കൂൾ പറമ്പിലെ തേക്ക് മരങ്ങൾ, പാഴ്മരങ്ങൾ, റബർ തുടങ്ങിയവ വെട്ടിമാറ്റാനാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. 25 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ മാറ്റം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെ അജ്ഞത ഒഴിവാക്കാനും വിശ്വാസികളെ ബോധവൽക്കരിക്കാനുമായി വലിയ പ്രചാരണം നടത്തിയ സഭയുടെ തന്നെ ഭൂമിയിലെ മരങ്ങൾ വെട്ടി വിൽക്കുന്നത് ഇരട്ടത്താപ്പാണെന്ന് വിശ്വാസികൾ പറയുന്നു. “മരങ്ങൾ വെട്ടി മാറ്റാനുള്ള പരസ്യം എന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു. കാലാവധി കഴിഞ്ഞവയാണ് മിക്ക മരങ്ങളും. സ്കൂൾ പറമ്പിലെ മരങ്ങൾ വെട്ടിമാറ്റാനുള്ള അനുമതി നൽകിയത് സഭയുടെ മേലധ്യക്ഷനായ മാർത്തോമ്മ മെത്രാപോലീത്ത തിരുമേനി” ആണെന്ന് സഭയുടെ പരിസ്ഥിതി ചെയർമാനായ ബിഷപ്പ് മാത്യൂസ് മാർ സെറാഫീം  പറഞ്ഞു.

ഇഷ്ടപ്പെടുന്നതു പലതും വർജ്ജിക്കുകയാണ് ആത്മീയ നോമ്പിന്റെ പതിവുരീതി. എന്നാൽ കാർബൺ അന്തരീക്ഷത്തിലേക്കു വമിപ്പിക്കുന്നതു നിയന്ത്രിക്കുക എന്നതാണ് കാർബൺ നോമ്പിന്റെ കാതൽ. കാർബൺ ബഹിർഗമനമുണ്ടാക്കുന്ന ആധുനിക ജീവിതസൗകര്യങ്ങളെ വിവേകത്തോടെ ഉപയോഗിക്കുക, ഒപ്പം പ്രകൃതിയേയും മരങ്ങളേയും സംരക്ഷിക്കുക എന്നതാണ് കാർബൺ നോമ്പിന്‍റെ ഉദ്ദേശം. ഇങ്ങനെ വലിയ തത്വങ്ങൾ വാരി വിതറിയ മാർത്തോമ്മ സഭയാണ് സ്വന്തം പറമ്പിലെ മരങ്ങൾ വെട്ടി വിൽക്കാൻ ടെൻഡർ വിളിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top