മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. മന്ത്രവാദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് രണ്ട് വ്യക്തികളും കൂടി ഉൾപ്പെട്ട കേസ് കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാലദ്വീപിലെ പ്രധാന മന്ത്രിമാരിലൊരാളാണ് ഫാത്തിമത്ത് ഷംമാസ് അലി.
മന്ത്രവാദം മാലിദ്വീപിൽ ക്രിമിനൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. സംഭവത്തിൽ ഷംനാസിൻ്റെ മുൻ ഭർത്താവും രാഷ്ട്രപതിയുടെ ഓഫീസിലെ മന്ത്രിയുമായ ആദം റമീസിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ഷംനാസ് മുമ്പ് നഗരത്തിൻ്റെ മേയറായി സേവനമനുഷ്ഠിക്കുമ്പോൾ പ്രസിഡൻ്റ് മുയിസുവിനൊപ്പം മാലെ സിറ്റി കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന് മാലിദ്വീപിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, ഷംനാസ് കൗൺസിലിൽ നിന്ന് രാജിവച്ചിരുന്നു. മാലിദ്വീപ് പ്രസിഡൻ്റുമായി അടുത്തിടപഴകാനാണ് മന്ത്രവാദം ചെയ്തതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.