കൊല്ലം :വനിതാ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മുതിർന്ന അഭിഭാഷകനും സി.പി.എം. നേതാവുമായ ഇ.ഷാനവാസ്ഖാന്റെ പേരില്‍ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു. സംഭവത്തിന് പിന്നാലെ പരാതിക്കാരിയെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞ് അഭിഭാഷകൻ.
അതങ്ങ് മറന്നുകള, സഹോദരിയപ്പോലെ കരുതിയാണ് ഉമ്മ ചോദിച്ചത്, സ്മാർട്ടായിട്ടുള്ള അഭിഭാഷകയ്ക്ക് എൻകറേജ് ചെയ്യിക്കുക എന്ന ലക്ഷ്യത്തിലാണ് പെരുമാറിയത്. ചെയ്തത് തെറ്റായി തോന്നിയെങ്കില്‍ കുട്ടി ക്ഷമിക്കണം എന്നാണ് അഭിഭാഷകൻ പറയുന്നത്. മുതിർന്ന അഭിഭാഷകനും, ബാർകൗണ്‍സില്‍ ചെയർമാനുമൊക്കെയായി പ്രവർത്തിച്ച, പിണറായിയുടെ അടുത്ത ആള് രാഷ്ട്രീയ ഉന്നതനായ നേതാവാണ് ജൂനിയർ അഭിഭാഷകയോട് മോശമായി പെരുമാറിയത്.
കഴിഞ്ഞ 14-ന് നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവർത്തകനും ഷാനവാസ്ഖാന്റെ ഓഫീസില്‍ പോയിരുന്നു. വിവരങ്ങള്പറഞ്ഞ് ഇവർ മടങ്ങി. ഓഫീസ് സമയംകഴിഞ്ഞ് യുവതി വീട്ടിലേക്ക് പോകാനിറങ്ങവെ ഷാനവാസ്ഖാൻ അറ്റസ്റ്റേഷന്റെ വിവരം പറയാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി. പെരുമാറ്റം അതിരുവിട്ടതോടെ വീട്ടില്‍നിന്നു രക്ഷപ്പെടാൻ ശ്രമിച്ച അഭിഭാഷകയെ കടന്നുപിടിച്ചെന്നും പരാതിയിലുണ്ട്.
അടുത്തദിവസം രാവിലെ ഷാനവാസ്ഖാൻ യുവതിയെ ഫോണില്‍വിളിച്ച് മാപ്പ് ചോദിച്ചു. എന്നാല്‍ യുവതി വൈകീട്ട് ബാർ അസോസിയേഷനില്‍ ഇ-മെയില്‍ മുഖാന്തരം പരാതി നല്കി. ഒരു സഹോദരിയെപ്പോലെയാണ് പെരുമാറിയതെന്നും ഇനി ഇത്തരത്തില്‍ ഉണ്ടാകില്ലെന്നും ഷാനവാസ് പരാതിക്കാരെ ഫോണില്‍ വിളിച്ച് പറയുന്നു. എന്നാല്‍ ബാർ അസോസിയേഷൻ അംഗങ്ങളുടെ മുന്നില്‍വെച്ച് പരസ്യമായി മാപ്പുപറയണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ അതുണ്ടായില്ല. തുടർന്നാണ് ശനിയാഴ്ച യുവതി കൊല്ലം വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെതിരേയുള്ള വകുപ്പുകള്‍ ചേർത്താണ് കേസെടുത്തത്.