കോഴിക്കോട്: കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തതു ശരിയായോ എന്നു ചിന്തിക്കണമെന്നും പിണറായി വ്യക്തമാക്കി. കോഴിക്കോടു നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ചില പ്രത്യേക വിഭാഗങ്ങളെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചു. നേതൃ നിരയിലുള്ളവരുമായി ധാരണയുണ്ടാക്കി. ആ വിഭാഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങൾ ഇല്ലാത്തതിനാൽ അല്ല. അതു ഭംഗിയാവില്ല എന്നതിനാലാണ്. അത്തരം നിലപാട് എടുത്തവരോടു ശത്രുതാ മനോഭാവമില്ല. അത്തരക്കാർ കൃത്യമായ നിലപാട് സ്വീകരിക്കണം. ഇപ്പോൾ എടുത്ത നിലപാട് നാടിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലീം ലീഗിനേയും മുഖ്യമന്ത്രി ആക്രമിച്ചു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം വിമർശിച്ചു. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ മുഖങ്ങളായി ലീഗ് മാറുകയാണ്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്താണെന്നു അറിയാത്തവരല്ല കോൺഗ്രസ്. മുഖം ഇങ്ങനെ ആകുമ്പോൾ എന്തായിരിക്കും മുസ്ലീം ലീഗ്? വോട്ടിനു വേണ്ടി കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടുണ്ടാക്കുന്നവരായി ലീഗ് മാറി. വാശിയോടെയാണ് മുസ്ലീം ലീഗ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിജയത്തിൽ യുഡിഎഫിനു ആഹ്ലാദിക്കാൻ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.