ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. എട്ടാം തവണയും പാർലമെന്റിലെത്തിയ കോൺഗ്രസ് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഒഡിഷയിൽ നിന്നുള്ള ബിജെപി എംപി ഭർതൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി നിയമിച്ചത്. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തെത്തിയിരുന്നു. പിന്നാലെയാണ് വിശദീകരണം.
പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. ‘പ്രോ ടേം സ്പീക്കർ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പിൽ അവർക്ക് കാര്യമായൊന്നും ചെയ്യാനില്ല. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതു വരെ മാത്രമേ അവരുടെ ചുമതലയുള്ളു. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്’- മന്ത്രി വ്യക്തമാക്കി.
പ്രതിഷേധിച്ച പ്രതിപക്ഷത്തെ മന്ത്രി വിമർശിച്ചു. കോൺഗ്രസ് ഇത്തരത്തിൽ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭർതൃഹരിയെ അവർ എന്തിനാണ് എതിർക്കുന്നത്. പരാജയമറിയാതെ ഏഴ് തവണ എംപിയായ വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസ് മുന്നോട്ടു വച്ച കൊടിക്കുന്നിൽ എട്ട് തവണ എംപിയായി. എന്നാൽ രണ്ട് തവണ പരാജയപ്പെട്ട ആളാണ്. 1998ലും, 2004ലുമാണ് അദ്ദേഹം പരാജയപ്പെട്ടതെന്നും റിജിജു ചൂണ്ടിക്കാട്ടി.