Kerala

അഞ്ച്‌ മെത്രാന്മാരും;89 വൈദീകരും ഇടഞ്ഞു:ഏകീകൃത കുർബ്ബാനയിൽ സമവായവുമായി സിറോ മലബാർ സഭ സിനഡ്:തല്ക്കാലം പിളർപ്പ് ഒഴിവായി

കൊച്ചി :ഏകീകൃത കുർബ്ബാനയിൽ സമവായവുമായി സിറോ മലബാർ സഭ സിനഡ്. ഇളവുകളോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാക്കുന്ന വാർത്ത കുറിപ്പ് സിനഡ് പുറത്തിറക്കി. ജൂലൈ മൂന്ന് മുതൽ എല്ലാ കുർബ്ബാനയും ഏകീകൃത കുർബ്ബാന വേണമെന്ന നിർദ്ദേശം പിൻവലിച്ചു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുർബ്ബാന എങ്കിലും ഏകീകൃത കുർബ്ബാന അർപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ഇത് പാലിച്ചാൽ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളിൽ ഇളവ് നൽകുമെന്നും സിനഡ് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.

എകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലറിൽ വലിയ തോതിൽ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിനഡിൻ്റെ നയം മാറ്റം. ബിഷപ്പുമാർ അടക്കം ഇടഞ്ഞ സംഭവത്തിൽ തൃശ്ശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു. കുർബാന ഏകീകരണത്തിൽ വൈദികർക്കിടയിൽ സർവെ വേണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ അതിരൂപതയിലെ വൈദികരുടെ കൂട്ടായ്‌മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കിയിരുന്നു.   നേതൃത്വത്തിന്‍റെ ഏകപക്ഷീയ നിലപാടുകളെ ചോദ്യം ചെയ്ത് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയടക്കം 5 ബിഷപ്പുമാർ വിയോജനക്കത്തിലൂടെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഓൺ ലൈൻ സിനഡിൽ  ഇവരുടെ നിലപാടിനെ  പിന്തുണച്ച് കൂടുതൽ ബിഷപ്പുമാർ രംഗത്തെത്തിയതോടെയാണ് സഭാ നേതൃത്വം വെട്ടിലായത്.  വൈദികർക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകുന്ന  തുടർ സംഭവവികാസങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും മേജർ ആർച്ച് ബിഷപ്പ് അടക്കം  ഉത്തരവാദിയായിരിക്കുമെന്നും ചില ബിഷപ്പുമാർ അറിയിച്ചിരുന്നു. എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയാകുമെന്ന വിഘടിത വിഭാഗത്തിന്‍റെ കടുത്ത നിലപാടിനെ അത്ര കൊച്ചാക്കി കാണേണ്ടെന്നാണ് സഭാ നേതൃത്വത്തോടുളള ചില ബിഷപ്പുമാരുടെ ഉപദേശം.  ബുധനാഴ്ച വൈകുന്നേരം നടന്ന സിനഡിന് പിന്നാലെ നിലപാട് വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top