പാലക്കാട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കുടിശ്ശിക അടച്ചിട്ടില്ലെന്ന കാരണത്താല്‍ അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വൈദ്യുതിയാണ് അധികൃതര്‍ വിഛേദിച്ചത്. സ്‌കൂള്‍ നാല് മാസത്തെ കുടിശികയായി 53,201 രൂപയാണ് അടയ്ക്കാനുള്ളതെന്നാണ് കെഎസ്ഇബി പറയുന്നത്.
ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 2500 ലേറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും ബില്ലടയ്ക്കാന്‍ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
പ്ലാന്‍ ഫണ്ടില്‍ 50 ലക്ഷം രൂപ സ്‌കൂളിനായി നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പാണ് നിര്‍വഹണം നടത്തുന്നതെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. ബില്‍ ട്രഷറിയില്‍ നിന്നും മാറ്റുന്നതടക്കം നടപടികളില്‍ വിദ്യാഭ്യാസ വകുപ്പ് കാലതാമസം വരുത്തിയതാണ് ഫ്യൂസ് ഊരാനിടയാക്കിയതെന്നാണ് വിമര്‍ശനം.