പാലക്കാട്: ഒആർ കേളു സി പി എമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്.
കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണം. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഊർജ്ജം കിട്ടിയിട്ടുണ്ട്. മെല്ലെ മെല്ലെ മാത്രമേ ചവിട്ടിക്കയറു. അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
എസ്എന്‍ഡിപി, ക്രിസ്ത്യൻ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന എംവി ഗോവിന്ദന്‍റെ പരാമര്‍ശം പ്രകോപനപരമാണെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. സിപിഎമ്മിന്‍റെ ഭീകര തോൽവിയെ ന്യായീകരിക്കാൻ ശ്രമിച്ചതാണിതെന്നും യാഥാർത്ഥ്യവുമായി ചേർന്നതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ പ്രകോപനകരമായ പരാമർശമാണ് എംവി ഗോവിന്ദൻ നടത്തിയത്. മുസ്ലീങ്ങള്‍ എങ്ങനെ വോട്ട് ചെയ്തെന്ന് എന്തുകൊണ്ടാണ് ഗോവിന്ദൻ വിലയിരുത്താതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. മുസ്ലിം പ്രീണനമാണ് സി പി എം നടത്തിയത്. സഖാവ് എളമരം കരീം എന്നതിന് പകരം കരീമിക്ക എന്ന് ഉപയോഗിച്ചത് വർഗീയ പ്രീണനത്തിന്‍റെ ഭാഗമാണ്