Kerala

‘മൈക്കിനോടു പോലും കയര്‍ക്കുന്ന അസഹിഷ്ണുത, മുഖ്യമന്ത്രിയും 19 നിഴലുകളും’; പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മൈക്കിനോടു പോലും കയര്‍ക്കുന്ന തരത്തിലുള്ള അസഹിഷ്ണുത അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറുപടി പറയും. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള തെറ്റു തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും.

രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കുക. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് നേരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മൈക്കിനോടു പോലും കയര്‍ക്കുന്ന അസഹിഷ്ണുത ശരിയല്ല. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തിയേ തീരൂ എന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രക്കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെയും അംഗങ്ങള്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തനശൈലിയും പെരുമാറ്റ രീതിയും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. മുഖ്യമന്ത്രിയും 19 നിഴലുകളുമാണ് ഇപ്പോള്‍ ഭരിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം ദയനീയ പരാജയമാണ് കാഴ്ചവെക്കുന്നത്. ഭരണത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും പിന്നാക്ക-പട്ടിക വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന സമീപനം സര്‍ക്കാരിനും മുന്നണിക്കും തിരിച്ചടിയായി എന്നും അം​ഗങ്ങൾ വിമർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top