Kerala

രാധാകൃഷ്ണന്‍ ഒഴിഞ്ഞ സീറ്റിലേക്ക് രാജീവോ ബാലഗോപാലോ എത്താം; എല്ലാവരേയും മറികടന്ന് റിയാസിന് മുഖ്യമന്ത്രിക്ക് അടുത്ത് സീറ്റ് ഒരുങ്ങുമോ; നിയമസഭയിലെ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം ഉറപ്പ്

മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭയിലെ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വരും. നിലവില്‍ സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന നിലയില്‍ കെ രാധാകൃഷ്ണനാണ് മുഖ്യമന്ത്രിക്കടുത്തുളള രണ്ടാം നമ്പര്‍ സീറ്റില്‍ ഇരുന്നിരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ എംവി ഗോവിന്ദനായിരുന്നു രണ്ടാം നമ്പര്‍ സീറ്റില്‍. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനായി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് രാധാകൃഷ്ണന്‍ ആ സീറ്റിലെത്തിയത്. കെ രാധാകൃഷ്ണന്‍ രാജി വയ്ക്കുന്നതോടെ ആ സീറ്റില്‍ ആരെത്തുമെന്നാണ് ആകാംക്ഷ. മുഖ്യമന്ത്രിയെ കൂടാതെ സിപിഎമ്മില്‍ നിന്നും വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, എക്സൈസ് മന്ത്രി എംബി രാജേഷ് എന്നിവരാണ് ട്രഷറി ബെഞ്ചില്‍ മുന്‍നിരയിലുള്ളത്. ഇവരില്‍ ആരാകും ഇനി മന്ത്രിസഭയിലെ രണ്ടാമന്‍ എന്നാണ് ഇനി അറിയാനുളളത്.

പി രാജീവും, കെഎന്‍ ബാലഗോപാലും സിപിഎം കേന്ദ്രകമ്മറ്റി അംഗങ്ങളാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ സീനിയര്‍ ഇവര്‍ തന്നെയാണ്. ഇരുവരും മുഖ്യമന്ത്രിയുമായി അടുത്തു നില്‍ക്കുന്നവരുമാണ്. അതിനാല്‍ ഇവരില്‍ ആരെങ്കിലും രണ്ടാം കസേരയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് ആ സീറ്റില്‍ എത്തുമെന്ന സംസാരവുമുണ്ട്. റിയാസിന്റെ കാര്യത്തില്‍ പല തീരുമാനങ്ങളും സിപിഎമ്മില്‍ പുതുമയുളളതായിരുന്നു. ബേപ്പൂരില്‍ സിറ്റിങ് സീറ്റില്‍ നിന്ന് വികെസി മമ്മദുകോയയെ മാറ്റി റിയാസിനെ മത്സരിപ്പിച്ചതില്‍ തുടങ്ങുന്നു ആ നീക്കങ്ങള്‍. ആദ്യമായി എംഎല്‍എയായ റിയാസിനെ മന്ത്രിയാക്കി സുപ്രധാന വകുപ്പുകള്‍ ഏല്‍പ്പിച്ചപ്പോള്‍ ഷംസീര്‍ അടക്കമുള്ളവര്‍ ഖിന്നരായി നോക്കി നില്‍ക്കുകയായിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് റിയാസ് എത്തിയപ്പോള്‍ വര്‍ഷങ്ങളായി സിപിഎം സംസ്ഥാന സമിതിയില്‍ അടക്കം പ്രവര്‍ത്തിച്ചവര്‍ക്ക് കാഴ്ച്ചക്കാരായി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ഇതേ രീതി തുടര്‍ന്നാല്‍ റിയാസ് രണ്ടാം നമ്പര്‍ കസേരയില്‍ എത്തും. രണ്ടാം നമ്പര്‍ കസേരയില്‍ എത്തിയില്ലെങ്കിലും മുന്‍നിരയില്‍ റിയാസ് എത്തുമെന്ന് ഏകദേശം ഉറപ്പാണ്. നിലവില്‍ രണ്ടാം നിരയിലെ ആദ്യ സീറ്റാണ് റിയാസിന് നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top