അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഭക്തന് വെള്ളി കെട്ടിയ ഇടംപിരി ശംഖ് ലഭിച്ചു.ക്ഷേത്രത്തിൽ വർഷങ്ങളായി ശുചീകരണം ചെയ്തു വന്നിരുന്ന അമ്പലപ്പുഴ കാക്കാഴം സ്വദേശി വേണുവിനാണ് ഇടംപിരി ശംഖ് ലഭിച്ചത്.
കഴിഞ്ഞ ദിവസം കുളത്തിൻ്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് വേണുവിന് ശംഖ് ലഭിച്ചത്. സംഭവം വിവാദമായതോടെ ശംഖ് പോലീസ് സ്റ്റേഷനിലെത്തിക്കാൻ പോലീസ് വേണുവിന് നിർദേശം നൽകി.
എന്നാൽ ശംഖ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ശംഖ് മാത്രമേ ക്ഷേത്രത്തിലുള്ളൂ. അത് പക്കലുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വിജിലൻസും തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
ഏതാനും വർഷം മുൻപ് ദേവൻ്റെ പതക്കവും ഇതേ രീതിയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശംഖും ലഭിച്ചത്.