ഭോപ്പാല്‍: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ ദേഹത്ത് മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി. ഹസ്രത്ത് നിസാമുദ്ദീനില്‍നിന്ന് ഛത്തീസഗഡിലെ ദുര്‍ഗിലേക്കുള്ള ട്രെയിനില്‍ ചൊവ്വാഴ്ചയാണ് സംഭവം.
താഴെ ബെര്‍ത്തില്‍ കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്ന തന്റെ ദേഹത്തേക്ക് മുകളിലെ ബെര്‍ത്തിലിരുന്ന സൈനികന്‍ മൂത്രമൊഴിക്കുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരി പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര റെയില്‍വെ മന്ത്രിക്കും പരാതി നല്‍കി.
താനും കുഞ്ഞും ഉറങ്ങുമ്പോഴാണ് ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്ന് ഛത്തീസ്ഗഡ് സ്വദേശിനിയായ യുവതി പറയുന്നു. സംഭവം നടന്നയുടന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറായ 139ല്‍ യുവതി പരാതി നല്‍കുകയായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഗ്വാളിയര്‍, ഝാന്‍സി സ്റ്റേഷനുകളില്‍ വച്ച് ട്രെയിനില്‍ കയറി. എന്നാല്‍ മദ്യപിച്ച്, നനഞ്ഞ ട്രൗസറില്‍ സൈനികനെ കണ്ടിട്ടും അവര്‍ നടപടിയൊന്നും എടുത്തില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഇതിനു പിന്നാലെ പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും ഓണ്‍ലൈനായി യുവതി പരാതി നല്‍കി. പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ചെന്നും എന്നാല്‍ പരിശോധനയില്‍ സീറ്റില്‍ യുവതിയെ കണ്ടില്ലെന്നും സൈനികന്‍ ഉറങ്ങുന്നതാണ് കണ്ടതെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.