Kerala

ഒരു വികസന പ്രവർത്തനവും നടത്തിക്കൂടെന്ന നിലപാടാണ് യുഡിഎഫിന്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബി ജെ പിയെ സഹായിക്കുന്ന പ്രവർത്തിയാണ് ഇഡി ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂര്‍ കേസിൽ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൃശ്ശൂരിൽ പല മണ്ഡലങ്ങളിലും കോൺഗ്രസ്‌ വോട്ടുകൾ വമ്പിച്ച രീതിയിൽ ബിജെപിക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെമ്പാടും കേരളത്തിലും പാര്‍ട്ടിക്ക് ഉണ്ടായ പരാജയം സൂക്ഷ്‌മമായി പാര്‍ട്ടി പരിശോധിക്കും. വികസന കാര്യത്തിൽ രാഷ്ട്രീയമല്ല ഐക്യമാണ് വേണ്ടത്. എന്നാൽ കേരളത്തിൽ രണ്ടാം പിണറായി വിജയൻ സര്‍ക്കാരിൻ്റെ കാലത്ത് ഒരു വികസന പ്രവർത്തനവും നടത്തിക്കൂടെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഇനി ഒരു വികസന പ്രവർത്തനവും കേരളത്തിൽ നടത്താൻ അനുവദിക്കരുതെന്നത് യുഡിഎഫ് രാഷ്ട്രീയമായെടുത്ത തീരുമാനമാണ്. ഒരു സർഗ്ഗത്മക പ്രവർത്തനവും ഇവിടെ അനുവദിച്ചുകൂടെന്നതാണ് അവരുടെ നിലപാട്. കെ റെയിൽ ഉൾപ്പെടെയുള്ളവയോടുള്ള എതിർപ്പ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രതിഷേധാത്മകമായ പ്രതിപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പണം നൽകാതെ കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രശ്നത്തിലേക് നീക്കുകയാണ്. ബോധപൂർവമുള്ള പ്രവർത്തനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിനു മുൻപും ഒരു സീറ്റ്‌ പോലും കിട്ടാത്ത സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി എത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പല സീറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്. തോൽവിയെ പറ്റി പാർട്ടി ഗൗരവമായി പരിശോധിക്കുന്നതാണ്. ജനങ്ങളാണ് അവസാന വാക്ക്. കണ്ടെത്തിയ കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയും. തിരുത്തേണ്ട കാര്യങ്ങൾ മുഴുവനായി തിരുത്തും. ആവശ്യമായ തിരുത്തലുകൾ വരുത്തും. സംഘടനാ തലത്തിലും പരിശോധന നടക്കും. പാർട്ടിയുടെ അടിത്തറ ഇപ്പോഴും ഭദ്രമാണ്. 2014 വെച്ച് നോക്കിയാൽ 7 ശതമാനം വോട്ടന്റെ കുറവുണ്ടായിട്ടുണ്ട്. അത് ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top