കൊല്‍ക്കത്ത: വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. ഇതോടെ ആറ് മണിക്കൂര്‍ കൊണ്ട് വാരാണസിയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്താം. മണിക്കൂറില്‍ 130 മുതല് 160 കിലോമീറ്റര്‍ വരെയാണ് സ്പീഡ്. വാരാണസിയില്‍ നിന്നും ആരംഭിക്കുന്ന അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്.
വാരാണസി ജങ്ഷനില്‍ നിന്നാണ് മിനി വന്ദേഭാരത് എക്സ്പ്രസ് ഹൗറയിലേക്ക് പുറപ്പെടുക. ചെയര്‍കാറുകളും സ്ലീപ്പറുകളും അടക്കം എട്ട് കോച്ചുകളാണ് ഉള്ളത്.കിഴക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേഭാരത്. ഇതിലൂടെ ബംഗാളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കുറഞ്ഞ സമയത്തില്‍ വാരാണസിയിലെത്താന്‍ കഴിയും.
പുതിയ മിനി വന്ദേഭാരത് കൂടെ വരുന്നതോടെ രാജ്യത്തെ പ്രധാന വന്ദേഭാരത് ഹബ്ബായി കൂടെ മാറുകയാണ് വാരണാസി. വന്ദേഭാരത് സര്‍വീസുകളും ഹിറ്റായതോടെ രാജ്യത്തെ വന്ദേഭാരത് നെറ്റ്വര്‍ക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബംഗളൂരുവിനും ഡെറാഡൂണിനും ഇടയിലാണ് ആദ്യത്തെ മിനി വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ചെന്നൈയിലെ കോച്ച് ഫാക്ടറിയിലാണ് മിനി വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്.