തൃശ്ശൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടാത്തതിനാല്‍ റദ്ദാക്കിയതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.
ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല.കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. വീണ ജോർജിന് കേന്ദ്രം അനുമതി നിഷേധിച്ചതിന്‍റെ നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം ബോംബ് സംസ്കാരത്തിനും കലാപത്തിനുമുള്ള തിരിച്ചടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബോംബ് സംസ്കാരം നിഷേധിച്ചതിന്‍റെ തെളിവാണ് കണ്ണൂരിലെ വിജയം.ഒരു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയ ലോക കേരള സഭക്ക് മൂന്നു ദിവസം മുമ്പാണ് ക്ഷണിച്ചത്. ഇതിന് മുൻപ് നടന്ന ലോകകേരള സഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. ഗവർണർക്കു വരെ ഈ നാട്ടിൽ രക്ഷയില്ല. ജനാധിപത്യ രീതിയിലുള്ള സമരമല്ല തനിക്കെതിരെ നടന്നത്. തന്‍റെ കാർ വരെ തകർത്ത ആക്രമികൾക്ക് മുഖ്യമന്ത്രി കൈ കൊടുത്തു. ഗവർണരുടെ സ്ഥാനത്തിന് വില കൽപ്പിക്കുന്നില്ല. അങ്ങനെ ഉള്ളപ്പോൾ താൻ എന്തിന് പോകണമെന്നും അദ്ദേഹം ചോദിച്ചു