പെരിന്തൽമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. രണ്ട് പവന്‍റെ സ്വർണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്.
പെരിന്തൽമണ്ണ സഹകരണ ബാങ്കിന്റെ ഊട്ടി റോഡിലെ പ്രധാന ശാഖയിലാണ് മാലയുമായി ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ സംഘമെത്തിയത്. മാല പരിശോധിച്ചപ്പോൾ ബാങ്കിലെ അപ്രൈസർക്ക് സംശയം തോന്നുകയും സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയും ചെയ്തതായി ബാങ്ക് അധികൃതർ അറിയിച്ചു. ഉടനെ ബാങ്ക് അധികൃതർ പെരിന്തൽമണ്ണ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘത്തിൽപെട്ട ഒരാൾ മുൻപ് ഇതേ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അക്കാര്യങ്ങൾ അടക്കമാണ് പൊലീസിൽ പരാതി നൽകിയതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.