Kerala

ഗൂഗിള്‍ നോക്കി കമന്ററി പറയുന്നവന്‍; പണിക്കര്‍ക്കെതിരെ ബിജെപി നേതൃത്വം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ എട്ടുകാലി മമ്മൂഞ്ഞ് ആക്കി ചിത്രീകരിച്ച ശ്രീജിത്ത് പണിക്കര്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ബിജെപി സംസ്ഥാന നേതൃത്വം. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ വൈകരുത് എന്നാണ് ശ്രീജിത്ത് പണിക്കരുടെ പേരെടുത്ത് പറഞ്ഞ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഉള്ളതുപറയുമ്പോള്‍ ശ്രീജിത്ത് പണിക്കര്‍ക്ക് എന്തിനാണ് പൊള്ളുന്നതെന്നും ഗണപതിവട്ടം ചര്‍ച്ച ഉയര്‍ത്തിയതുകൊണ്ട് കേരളത്തില്‍ എവിടെയാണ് വോട്ട് കുറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. കുത്തിത്തിരിപ്പ് നിരീക്ഷണങ്ങളാണ് പണിക്കരുടേതെന്നും സുധീര്‍ പരിഹസിച്ചു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണനും രംഗത്തുണ്ട്. രാഷ്ട്രീയ നിരീക്ഷകന് അഭിപ്രായം പറയാന്‍ അതിരുകളൊന്നും ഇല്ലെന്നത് സത്യം തന്നെ. പക്ഷെ അഭിപ്രായസ്വാതന്ത്ര്യം എന്ത് തോന്നിവാസവും വിളിച്ചുപറയാനുള്ള ലൈസന്‍സാണെന്ന് കരുതരുതെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പോടെയാണ് പ്രഫുല്‍ കൃഷ്ണന്റെ പോസ്റ്റ് അവസാനിക്കുന്നത്. കണ്ണട ധരിച്ച് മൈക്കിന് മുന്നില്‍ സംസാരിക്കുന്ന കഴുതയുടെ ചിത്രവും പോസ്റ്റ്‌ ചെയ്തിരുന്നു.

ഗൂഗിളില്‍ നോക്കി കമന്ററി പറയുന്നവനാണ് പണിക്കരെന്നാണ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഗ്രൗണ്ട് മുഴുവന്‍ ഓടിനടന്ന് കളിച്ച കെ. സുരേന്ദ്രനാണ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 65,000 കുറച്ചത്. ‘ഗണപതിവട്ടംജി’ എന്ന പേര് സുരേന്ദ്രന് പൊന്‍തൂവലാണ് എന്ന് കണക്ക് നോക്കിയാല്‍ മനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ ചൊടിപ്പിച്ചത്‌. സുരേന്ദ്രനാണ് ആദ്യം വെടി പൊട്ടിച്ചത്. “ചില ആക്രി നിരീക്ഷകര്‍, വൈകുന്നേരം ചാനലുകളില്‍ വന്നിരിക്കുന്നുണ്ടല്ലോ, ‘കള്ളപ്പണിക്കര്‍മാര്‍ കുറേയാള്‍ക്കാര്‍. അവര് വന്നിട്ട് പറയുകയാണ്, സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്” – ഇതായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.ഉള്ളിയുടെ ചിത്രം ഉള്‍പ്പെടുത്തി, ‘ഗണപതിവട്ടംജി’ എന്ന് പരിഹസിച്ചായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശത്തിന് ശ്രീജിത്ത് ഫെയ്സ് ബുക്കിലൂടെ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും നേതാക്കള്‍ പണിക്കര്‍ക്കെതിരെ രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top