കുമളി: ദേശീയപാത 183ന്റെ ഭാഗമായ ഡിണ്ടിഗല്‍- കുമളി റോഡ് നാലുവരിപ്പാതയാക്കും. 3,000 കോടി രൂപ ചെലവില്‍ നാലുവരിപ്പാതയാക്കാനുള്ള പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഉടന്‍ കരാര്‍ വിളിക്കും. 133 കിലോമീറ്റര്‍ റോഡ് വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡിണ്ടിഗലിനും കുമളിക്കും ഇടയിലുള്ള യാത്രാ സമയം കാര്യമായി കുറയും.
വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാനുള്ള ഏജന്‍സിയെ ഉടന്‍ നിയോഗിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്‌നാട്ടില്‍ നിന്നുളള യാത്രയും എളുപ്പത്തിലാകും.
പദ്ധതിയുടെ ഭാഗമായി 26 ജംഗ്ഷനുകള്‍ വിപുലീകരിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ സെമ്പട്ടി- മധുര- പഴനി റോഡ്, ബോഡിനായ്ക്കന്നൂര്‍, ഉത്തമപാളയം എന്നിവിടങ്ങളില്‍ അടിപ്പാതകളും പാലങ്ങളും നിര്‍മിക്കും. പുതിയ പാതയോടു ചേര്‍ന്നുള്ള നാനൂറോളം ഗ്രാമീണ റോഡുകളും വികസിപ്പിക്കും. 2 ടോള്‍ പ്ലാസകളും ഉണ്ടാകും. 9000 മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനവും ഇതിനു മുന്നോടിയായി നടത്തും.