കോഴിക്കോട്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാര്‍ട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തൃശൂരില്‍ അപ്രതീക്ഷിതമായ തോല്‍വി ഉണ്ടായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരാന്‍ പോകുകകയാണ്. അതിന്റെ പേരില്‍ തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത് ബാധിക്കും. ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദുഃഖങ്ങള്‍ മറികടന്നുകൊണ്ട് എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണം. കഴിഞ്ഞത് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമാക്കരുത്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം’- മുരളീധരന്‍ പറഞ്ഞു.