തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലങ്ങളില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി തയ്യാറെടുത്ത് കോണ്‍ഗ്രസ്. പാര്‍ട്ടി ഉടന്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കും. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭ മണ്ഡലങ്ങളിലുമാണ് ഒഴിവു വരുന്നത്. ഇതില്‍ ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റാണ്.
എംഎല്‍എയും മന്ത്രിയുമായ സിപിഐഎമ്മിലെ കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ആലത്തൂരില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട സിറ്റിങ്ങ് എംപി രമ്യാ ഹരിദാസിനെ തന്നെ പരിഗണിക്കാനാണ് സാധ്യത. രമ്യ ആലത്തൂരില്‍ 383336 വോട്ട് നേടിയപ്പോള്‍ രാധാകൃഷ്ണന്‍ 403447 വോട്ട് നേടിയാണ് വിജയിച്ചത്. അതിനാല്‍ ചേലക്കരയില്‍ ഒഴിവുവരുന്ന സീറ്റില്‍ രമ്യക്കായിരുക്കും പാര്‍ട്ടി ആദ്യം പരിഗണന നല്‍കാന്‍ സാധ്യത.