തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ. ഇവിടെ പണത്തിന്റെ ഒഴുക്കുണ്ടായെന്നും രണ്ട് കോടീശ്വരന്മാർക്കിടയിലാണ് താൻ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് ആരെയും സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. ദേശീയ രാഷ്ട്രീയ സാഹചര്യവും നിർണായകമായി. ബിജെപിക്ക് ബദലായി കോൺഗ്രസിനെ പലരും കണ്ടുവെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും കാര്യമില്ലെന്നും പണം നൽകി വോട്ട് പർച്ചേസ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് കോടികൾ വാരിവിതറി. തിരുവനന്തപുരത്ത് നടന്നത് വോട്ട് പർചെയ്സ് എന്നും അദ്ദേഹം പറഞ്ഞു. പണം ഒഴുക്കുന്നതിൽ രണ്ടു കൂട്ടരും മോശക്കാർ ആയിരുന്നില്ല. യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ പണം നൽകി വോട്ട് പർച്ചേസ് ചെയ്തുവെന്ന് പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു.
നന്നായി കളിച്ചു തോറ്റത് പോലെയാണ് തോന്നുന്നത്. നല്ലത് പോലെ പ്രവർത്തിച്ചു. പക്ഷേ വിജയിക്കാൻ ആയില്ല. തോൽവിയിൽ ആരെയും പഴി ചാരാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കും. സംസ്ഥാന സർക്കാരിനെതിരായ വികാരമല്ല ഈ തെരഞ്ഞെടുപ്പിൽ നിഴലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.