പാലാ :രാമപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന കേസിൽ അന്യസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (25), വേലൻ (32) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഏപ്രിൽ 28 ആം തീയതി വെളുപ്പിനെ നാലുമണിയോടുകൂടി വെളിയന്നൂർ പുതുവേലി ചോരക്കുഴി ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിലെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ താഴ് തകർത്തതിനുശേഷം ഉള്ളില്‍ കടന്ന് അടുക്കള വാതിൽ തിക്കി തുറന്ന് അകത്തുകയറി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കയുടെ കയ്യിൽ ധരിച്ചിരുന്ന 14 ഗ്രാം തൂക്കം വരുന്ന 70,000 രൂപാ വിലവരുന്ന വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ തമിഴ്നാട്ടിൽ നിന്നും പിടികൂടുകയായിരുന്നു. സന്തോഷ് തമിഴ്നാട്ടിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ഉണ്ണികൃഷ്ണൻ, എസ്.ഐ മാരായ മനോജ്, വിൽസൺ, ജോബി ജേക്കബ്, സി.പി.ഓ മാരായ രഞ്ജിത്ത്, ജോഷി, ജോബി, ശ്യാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.