Kerala

വേനലവധി കഴിഞ്ഞു, സ്‌കൂളുകള്‍ നാളെ തുറക്കും; ഓര്‍മിക്കണം ഈ കാര്യങ്ങള്‍

തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആദ്യമായി എത്തുന്നവരെ സ്വീകരിക്കാന്‍ വര്‍ണാഭമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്‌കൂള്‍തലത്തിലും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി വി ശിവന്‍കുട്ടി ഇന്ന് എളമക്കര സ്‌കൂളില്‍ എത്തും.

40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്‌കൂളുകളില്‍ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ ബസ്സുകള്‍, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി.

എന്നാല്‍ ചില കാര്യങ്ങളില്‍ ആശങ്കകള്‍ ഇപ്പോഴും ബാക്കിയാണ്. മലബാറിലെ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയല്‍ അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ തന്നെ മിടുക്കരായവര്‍ക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകര്‍ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ പ്രശ്‌നം എന്ന് തീരുമെന്നും ഇതുവരെ ഉറപ്പില്ല. ഇതുകൂടാതെ പൊതു വിദ്യാലയങ്ങളില്‍ പതിനായിരത്തോളം അധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.

ഇലക്കറികള്‍, പച്ചക്കറികള്‍ കൂടുതല്‍ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികള്‍ക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.

ധാരാളം വെള്ളം കുടിയ്ക്കണം

ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും നിര്‍ബന്ധമായി കൈകള്‍ നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.

മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവര്‍ഗങ്ങള്‍ ധാരാളം നല്‍കുക.

വിറ്റാമിന്‍ സി കിട്ടാന്‍ കുട്ടികള്‍ക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കുന്നത് നല്ലതാണ്.

കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാതെ ശ്രദ്ധിക്കണം.

മഴ നനയാതിരിക്കാന്‍ കുടയോ, റെയിന്‍കോട്ടോ കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കള്‍ നല്‍കണം.

കുട്ടികള്‍ മഴ നനഞ്ഞ് വന്നാല്‍ തല തോര്‍ത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാന്‍ പോഷണ ഗുണമുള്ള ചൂട് പാനീയങ്ങള്‍ (ചൂട് കഞ്ഞിവെള്ളം, ചൂട് പാല്‍ മുതലായവ) നല്‍കുക.

മഴയുള്ള സമയത്ത് കുട്ടികള്‍ക്ക് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാന്‍ കുട്ടികളെ ശീലിപ്പിക്കുക.

പനിയുള്ള കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യണം.

കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.

അധ്യാപകര്‍ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കണം.

വിഷമിച്ച് ഉള്‍വലിഞ്ഞ് നില്‍ക്കുന്ന കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്‌നേഹവും പ്രോത്സാഹനവും നല്‍കുക.

ക്ലാസ് മുറികളുടെയും സ്‌കൂള്‍ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക.

അപകടകരമായ സാഹചര്യം കണ്ടാല്‍ പരിഹാരത്തിനായി അധ്യാപകരെ വിവരം അറിയിക്കുക.

രക്ഷകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ് ലൈന്‍ ‘ദിശ’യില്‍ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top