ഫ്ലോറിഡ: ബന്ധുവിനെ ക്രൂരമായി കൊല ചെയ്ത ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ വിലസി നടന്നത് 15 വർഷം. ഒടുവിൽ വില്ലനായി വഴിയിൽ ഉപേക്ഷിച്ച ഫോർക്കിൽ നിന്ന് കണ്ടെത്തിയ ഡിഎൻഎ. 41കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 2009 ഫെബ്രുവരി 10നാണ് ന്യൂയോർക്കിലെ ക്വീൻസിലെ വീട്ടിൽ റൊസാരിയോ പ്രസ്റ്റിജിയാകോമോ എന്ന 64കാരനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റൊസാരിയോയുടെ വീട്ടിൽ നിന്ന് അസാധാരണമായ ശബ്ദങ്ങൾ കേട്ടെന്ന അയൽവാസിയുടെ പരാതിയിൽ വീട്ടിലെത്തി പരിശോധിച്ച പൊലീസാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ 64കാരനെ കണ്ടെത്തിയത്.
മുഖത്തും കഴുത്തിലും നെഞ്ചിലും, കൈകാലുകളിലുമായി 16 തവണയാണ് റൊസാരിയോയ്ക്ക് കുത്തേറ്റിരുന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ഉപയോഗിച്ചുള്ള ആക്രമണത്തിലെ പരിക്കുകൾ മൂലമായിരുന്നു 64കാരന്റെ മരണം. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച രക്ത സാംപിളുകളിൽ നിന്ന് ശേഖരിച്ച ഡിഎൻഎയിൽ നിന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അപരനേക്കുറിച്ച് സൂചനകൾ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. അക്കാലത്തെ ഡാറ്റാ ബേസുകളിൽ രക്ത സാംപിളുകളിൽ നിന്ന് ലഭിച്ച ഡിഎൻഎ കണ്ടെത്താനാവാതെ വന്നതായിരുന്നു വലിയ വെല്ലുവിളിയായത്. 2022 മാർച്ച് മാസം വരെയും കേസിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതി കോൾഡ് കേസ് ഡിപ്പാർട്ട്മെന്റിന്റെ സഹായം തേടിയത്.
അമേരിക്കയിലെ ഒരു സ്വകാര്യ ലാബോട്ടറിയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ജനിതക ഗവേഷണം അടക്കമുള്ളവ നടത്തിയ ലാബോറട്ടറി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നുള്ള രക്ത സാംപിളുകളിൽ നിന്ന് അപര ഡിഎൻഎ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തി. കൊലപാതക സ്ഥലത്ത് നിന്ന് ലഭിച്ച രക്ത സാംപിളുകളിൽ നിന്ന് ഒരു ജനിതക പ്രൊഫൈൽ ഇത്തരത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം റൊസാരിയോയുടെ കുടുംബത്തിന്റെ പൂർണ രൂപവും തയ്യാറാക്കി. റൊസാരിയോയെ കൊല ചെയ്യാൻ സാധ്യതയുള്ള ബന്ധുക്കളുടെ ഒരു പട്ടിക ഇത്തരത്തിൽ കണ്ടെത്തി. ഈ അന്വേഷണമാണ് ഫ്ലോറിഡയിലുള്ള ബന്ധുവായ ആന്റണി സ്കാലിസിയിലേക്ക് എത്തിയത്. ഫ്ലോറിഡയിലെ ബോയ്ൻടണിലായിരുന്നു 41കാരനായ ആന്റണി താമസിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ അനന്തരവനായിരുന്നു ആന്റണി. സ്കാലിസിയിലെ പൊലീസ് സഹായത്തോടെ അന്വേഷണ സംഘം ഇയാളുടെ ഡിഎൻഎ സാംപിൾ കണ്ടെത്തുകയായിരുന്നു.
2024 ഫെബ്രുവരി 17നാണ് ഇത്തരത്തിൽ ഇയാളുടെ ഒരു ഡിഎൻഎ സാംപിൾ പൊലീസിന് കിട്ടുന്നത്. ഒരു ഭക്ഷണശാലയിൽ നിന്ന് ആന്റണി ഉപേക്ഷിച്ച ഫോർക്കിൽ നിന്നായിരുന്നു ഡിഎൻഎ സാംപിൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. റൊസാരിയോയുടെ കൊലപാതക സ്ഥലത്ത് നിന്ന് കണ്ടെത്തിയ അപര ഡിഎൻഎ ഇതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തുകയായിരുന്നു. റൊസാരിയോയുടെ നഖത്തിൽ നിന്ന് കണ്ടെത്തിയ ഡിഎൻഎയും ഇത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ബുധനാഴ്ച ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ആന്റണി റൊസാരിയോയെ കൊലപ്പെടുത്താനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് ന്യൂയോർക്ക് പൊലീസ് വിശദമാക്കുന്നത്.