India

കന്യാകുമാരിയിൽ ധ്യാനത്തില്‍ മോദി; വൈറലായി 33 വർഷം പഴക്കമുള്ള മോദിയുടെ ഫോട്ടോ

ന്യൂഡൽഹി: തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയിൽ ധ്യാനം ആരംഭിച്ചിരിക്കുകയാണ്. 45 മണിക്കൂർ നീണ്ട ധ്യാനമാണ് ആരംഭിച്ചത്. ഇതിനിടെ മോദിയുടെ തന്നെ 33 വർഷം പഴക്കമുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 1991 ഡിസംബർ 11 തിയ്യതിയിൽ കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ നിന്ന് തന്നെ പകർത്തിയ ചിത്രമാണിത്.

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കശ്മീരിൽ അവസാനിച്ച ഏകതാ യാത്രയിൽ നിന്നുള്ളതായിരുന്നു അത്. വൈറൽ ചിത്രത്തിൽ നരേന്ദ്ര മോദിയും മുതിർന്ന ബിജെപി നേതാവായിരുന്ന മുരളി മനോഹർ ജോഷിയും വിവേകാനന്ദ സ്മാരകത്തിൽ പുഷ്പങ്ങള്‍ അർപ്പിക്കുന്നുണ്ട്. മുരളി മനോഹർ ജോഷിയാണ് ആ ഏകതാ യാത്രയ്ക്ക് നേതൃത്വം നൽകിയിരുന്നത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 1992 ജനുവരി 26ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് അവസാനിച്ചത്. രാജ്യത്തെ ഭീകര ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന സന്ദേശം പങ്ക് വെക്കുകയെന്നതായിരുന്നു യാത്രയുടെ പ്രമേയം.

ഇന്ന് വൈകീട്ട് കന്യാകുമാരി വിവേകാനന്ദ പാറയിൽ എത്തിയ മോദി ജൂണ്‍ ഒന്നുവരെയാണ് ഇവിടെ ധ്യാനത്തിലിരിക്കുക. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറയില്‍ എത്തിയത്. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനു ശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top