Kerala

ചെളിയിൽ കാൽ കുടുങ്ങി, തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നേമം വെള്ളയാണിയിൽ കുളത്തിൽ അകപ്പെട്ട് വിദ്യാർത്ഥികൾക്ക് ദാരുണന്ത്യം. തിരുവനന്തപുരം വെള്ളായണി പറക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. നേമം നല്ലാണിക്കൽ കടവീട്ടിൽ നജീ- മെഹർ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (15), നല്ലാണിക്കൽ ഷഫീഖ് മൻസിലിൽ ഷഫീഖ് – റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. സമീപ വീടുകളിലുള്ളവരാണ് ഇരുവരും.

വൈകീട്ട് അഞ്ച് മണിയോടെയാണ് സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി പറക്കോട് കുളത്തിൽ എത്തിയത്. കുളത്തിൻ്റെ നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. രണ്ട് ദിവസമായി പെയ്ത മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞിരുന്നു. കുളത്തിനുള്ളിൽ ഉണ്ടായിരുന്ന കിണറിലെ ചെളിയിൽ കാല്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കുളത്തിനുള്ളിലെ കിണറിൻ്റെ ആഴവും ചെളിയുടെ അളവിനെ കുറിച്ച് അറിവില്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സ് സ്കൂബാ ടീം എത്തിയാണ് രണ്ട് പേരെയും പുറത്തെടുത്തത്.

ഉടൻ ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ട് കുട്ടികളും മരിച്ചിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് പേരും നേമം വിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top