പട്‌ന: ചെറിയ ഒരക്ഷരത്തെറ്റ് ചിലപ്പോള്‍ പുലിവാല് പിടിപ്പിക്കും. ബിഹാറിലെ വിദ്യാഭ്യാസ വകുപ്പിന് പറ്റിയ ഒരു പിശകാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളിന് കാരണമാകുന്നത്. അധ്യാപകര്‍ക്ക് പിഴ ചുമത്താനുള്ള കാരണമായി ബേഡ് പെര്‍ഫെമോന്‍സിന് പകരം ബെഡ് പെര്‍ഫോമന്‍സ് എന്ന് പരാമര്‍ശിച്ചതാണ് ട്രോളുകള്‍ക്ക് കാരണമായത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ വിദ്യാഭ്യാസവകുപ്പ് അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. നിരവധി അധ്യാപകരാണ് അന്ന് ജോലിക്ക് ഹാജരാകാതിരുന്നത്. പല അധ്യാപകരുടെയും പ്രവര്‍ത്തനം പരിശോധനയില്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പതിനാറ് അധ്യാപകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ചൂണ്ടിക്കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കത്തുനല്‍കുകയും ചെയ്തിരുന്നു. പരിശോധനയ്ക്കിടെ ഹാജരാകാത്തതിന് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും മറ്റ് 13 പേര്‍ക്ക് തൃപ്തികരമല്ലാത്ത പ്രകടനത്തിന്റെ ഭാഗമായി ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇറക്കിയ ഉത്തരവിലാണ് ‘ബേഡ്’ എന്നത് ‘ബെഡ്’ എന്ന് ആവര്‍ത്തിച്ച് തെറ്റായി എഴുതിയത്. ഇത് പതിനാലുതവണ ആവര്‍ത്തിക്കുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാല്‍ ഒരുദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള കാരണം ബെഡ് പെര്‍ഫോമന്‍സ് എന്നാണ് അച്ചടിച്ചുവന്നപ്പോള്‍ ഉത്തരവില്‍ ഉള്ളത്. ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അധികൃതര്‍ ഉത്തരവ് മാറ്റി നല്‍കി. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഡിഇഒ വിസമ്മതിച്ചു.