India

‘രണ്ട് കൈയിലും ഭാരിച്ച ഉത്തരവാദിത്തം’; ഇന്‍ഡ്യാ മുന്നണി യോഗത്തിന് മമത എത്തില്ല

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് ചേരുന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ ഒന്നിന് സൗത്ത് ബംഗാളിലെ പ്രധാനപ്പെട്ട ഒമ്പത് സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇതിന് പുറമെ റെമാല്‍ ചുഴലിക്കാറ്റില്‍ ആറ് പേര്‍ മരിച്ചതടക്കം വലിയ നാശനഷ്ടം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മമത യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മമതയുടെ ‘വിട്ടുനില്‍ക്കലില്‍’ കോണ്‍ഗ്രസിലും സിപിഐഎമ്മിലും അതൃപ്തിയുണ്ട്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മമതയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഇതിന് പിന്നാലെ യോഗത്തിലേക്ക് മമത പ്രതിനിധികളെ അയച്ചേക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് സൂചന കഴിഞ്ഞ ദിവസം ബുറാബസാറില്‍ സംഘടിപ്പിച്ച റാലിയിലും മമത നൽകിയിരുന്നു. പ്രധാനപ്പെട്ട സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്നാണ് മമത വോട്ടര്‍മാരെ അറിയിച്ചത്.

‘ജൂണ്‍ ഒന്നാം തിയ്യതി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ല. നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പടക്കം 10 സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കുകയാണ്. പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും അതേദിവസം വോട്ടെടുപ്പുണ്ട്. തങ്ങളുടേതെന്ന് ബിജെപി അവകാശപ്പെടുന്ന ഉത്തര്‍പ്രദേശില്‍, പക്ഷെ… അവിടെ അഖിലേഷ് യാദവ് ഉണ്ട്. ബീഹാറും അന്ന് പോളിംഗ് ബുത്തിലേക്ക് പോകും. വോട്ടെടുപ്പ് ഏറെ വൈകിയും നടന്നേക്കാം. ഇതെല്ലാം ഇവിടെ നിര്‍ത്തി എങ്ങനെ ഡല്‍ഹിയിലേക്ക് പോകും.’ മമതാ ബാനര്‍ജി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top