ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് ഫയര്‍ ഓഡിറ്റ് നടത്തുക. സംഭവത്തില്‍ ജൂണ്‍ എട്ടിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നവജാത ശിശുക്കളെ രക്ഷിച്ച രണ്ട് നേഴ്സുമാരേയും പ്രദേശവാസികളേയും ധീരതയ്ക്കുള്ള അവര്‍ഡിന് ശുപാര്‍ശ ചെയ്യാനും തീരുമാനമായി. സംഭവത്തില്‍ അറസ്റ്റിലായ ആശുപത്രി ഉടമ ഡോ. നവിന് കിച്ചി, ഡോ. ആകാശ് എന്നിവരെ മെയ് 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച രാത്രി 11.30നായിരുന്നു ആശുപത്രിയില്‍ അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 കുട്ടികളെ രക്ഷപെടുത്തി. ആശുപത്രിയുടെ തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പിഎംഎന്‍ആര്‍എഫ്) നിന്ന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. തീപിടിത്തത്തില്‍ നിരവധി വീഴ്ചകള്‍ പൊലീസ് കണ്ടെത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആശുപത്രിക്ക് നല്കിയ ലൈസന്‍സ് മാര്‍ച്ച് 31ന് കാലഹരണപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഡോക്ടര്‍ക്ക് വേണ്ടത്ര യോഗ്യതകള്‍ ഉണ്ടായിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
ആശുപത്രിയില്‍ എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും തീയണക്കാന്‍ ഉള്ള സംവിധാനം ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജം അല്ലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അശ്രദ്ധമൂലം സംഭവിച്ച മരണങ്ങള് എന്നാണ് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തീപിടിത്തത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.