Kerala

മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എക്‌സൈസ് വകുപ്പ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവിന് എങ്ങനെ ചര്‍ച്ച നടത്തി എന്ന് പറയാന്‍ കഴിയും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്‌യു നടത്തിയ ചര്‍ച്ച ആയിരിക്കും പ്രതിപക്ഷ നേതാവ് പറയുന്നത്. ടൂറിസം വകുപ്പ് നടത്തിയ യോഗത്തെ സംബന്ധിച്ച് ഡയറക്ടറുടെ പ്രസ്താവനയിലുണ്ട്. എല്ലാ യോഗങ്ങളും മന്ത്രി പറഞ്ഞിട്ടല്ല നടത്താറുള്ളത്. ഈ വിഷയത്തില്‍ തന്റെ പുറകെ വരുന്നതിന്റെ കാര്യം വ്യക്തമാണ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശനത്തില്‍ തന്നെ വലിച്ചിഴക്കുന്നതിൻ്റെ അജണ്ട മറ്റൊന്നാണ്. മറുപടി പറയുന്നത് പറയാതെ ഓടിപ്പോയെന്നു പറയേണ്ടെന്നു കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ബാർക്കോഴയെന്ന ആരോപണത്തിൽ മുഹമ്മദ് റിയാസിനെതിരെ നേരത്തെ രൂക്ഷ വിമർശനമാണ് ബിജെപി, കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത്. എല്ലാ വകുപ്പിലും മുഹമ്മദ് റിയാസ് കയ്യിട്ടു വാരികയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അധികാരം നിക്ഷിപ്തമായത് റിയാസിലാണ്. പി എ മുഹമ്മദ് റിയാസ് നിഴല്‍ മുഖ്യമന്ത്രിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് മന്ത്രി റിയാസ് പ്രതികരണവുമായി രംഗത്തെത്തിയത്. ബാര്‍ കോഴയില്‍ നിരന്തരമായ സമരപരിപാടികള്‍ തുടങ്ങുമെന്നും നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. രണ്ടു മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ബാറുകളുടെ എണ്ണം അനാവശ്യമായി വര്‍ധിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗും രംഗത്തെത്തിയത്.

ബാര്‍ക്കോഴ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ഓഫീസിലേക്ക് നോട്ടെണ്ണല്‍ യന്ത്രവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് വിവാദത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണ ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top