മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിത ഇടപെടൽ മൂലം. കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വന്‍ദുരന്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്.
നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് കൊങ്കണ്‍ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇതുവഴി കടന്നുപോകേണ്ട വണ്ടികള്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ പിടിച്ചിടുകയുമായിരുന്നു. വിള്ളല്‍ കണ്ടെത്തിയതിനും ദുരന്തം ഒഴിവാക്കിയതിനും പ്രദീപ് ഷെട്ടിക്ക് കൊങ്കണ്‍ റെയില്‍വേ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.