അഹമ്മദാബാദ്∙ ലീഗ് ഘട്ടത്തിലെ പരാജയ പരമ്പരകൾക്ക് രാജസ്ഥാൻ അറുതിവരുതിയപ്പോൾ ബെംഗളൂരുവിനും വിരാട് കോലിക്കും ഐപിഎലിൽ ഒരിക്കൽ കൂടി നിരാശയോടെ മടക്കം. എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിന്റെ വിജയം.
ലീഗ് ഘട്ടത്തിൽ ആറു മത്സരം തുടർച്ചയായി വിജയിച്ച് പ്ലേഓഫിൽ കടന്ന ആർസിബിക്ക് പക്ഷേ തുടർച്ചയായ 17–ാം സീസണിലും കപ്പില്ലാതെ മടക്കം. എലിമിനേറ്ററിൽ, ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികൾ.
യശ്വസി ജയ്‌സ്വാൾ (30 പന്തിൽ 45), റയാൻ പരാഗ് (26 പന്തിൽ 36), ഷിമ്രോൺ ഹെറ്റ്മയർ (14 പന്തിൽ 26) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ ജയം. മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ജയ്സ്വാളും ടോം കോലെർ കാഡ്മോറും (15 പന്തിൽ 20) ചേർന്ന് രാജസ്ഥാനു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു.
ആറാം ഓവറിൽ കാഡ്‌മോറിനെ പുറത്താക്കി, ലോക്കി ഫെർഗുസൺ ആണ് ബെംഗളൂരുവിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (13 പന്തിൽ 17) ഒരു സിക്സ് അടിച്ചെങ്കിലും റൺസ് കണ്ടെത്താൻ പാടുപെട്ടു. അടുത്തടുത്ത ഓവറുകളിൽ ജയ്സ്വാളിനെയും സഞ്ജുവിനെയും നഷ്ടപ്പെട്ടതോടെ രാജസ്ഥാൻ പരുങ്ങി.
നാലാം വിക്കറ്റിൽ പരാഗ്– ധ്രുവ് ജുറെൽ (8 പന്തിൽ 8) സഖ്യം ഒന്നിച്ചെങ്കിലും കോലിയുടെ ത്രോയിലൂടെയുള്ള കിടിലൻ റണ്ണൗട്ടിൽ ജുറെൽ മടങ്ങി. പിന്നീടെത്തിയ ഹെറ്റ്മയർ കൂടിചേർന്നതോടെ രാജസ്ഥാൻ വീണ്ടും വിജയത്തിലേക്ക് കുതിച്ചു. 2 സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്സ്. ഹെറ്റ്മയർ മൂന്നു ഫോറും ഒരു സിക്സും പറത്തി. 18–ാം ഓവറിൽ പരാഗിനെയും ഹെറ്റ്മയറിനെയും പുറത്താക്കി മുഹമ്മദ് സിറാജ് ബെംഗളൂരുവിന് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും റോവ്‌മൻ പവൽ (8 പന്തിൽ 16*) സിക്സർ പറത്തി രാജസ്ഥാനെ വിജയത്തിലെത്തിച്ചു.