കട്ടക്ക്: അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി 310 സീറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാക്കിയുള്ള രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബിജെപി 400 സീറ്റെന്ന ലക്ഷ്യം പിന്നിടുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒഡീഷയിലെ സംബാല്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 സീറ്റിലധികം നേടി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്ര മോദിയെ മൂന്നാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിനെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. നവീന്‍ പട്നായിക്കിന്റെ വിശ്വസ്തനായ തമിഴ്നാട് സ്വദേശി വി കെ പാഡ്യനുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ചായിരുന്നു അമിത് ഷായുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദ ശക്തികള്‍ എന്ന നിലയില്‍ ‘ബാബു സംസ്കാര’മാണ് ഒഡീഷയില്‍ എന്നും അമിത് ഷാ കുറ്റപ്പെടുത്തി. പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ഒഡീഷ ഇപ്പോഴും ദരിദ്രമായി തുടരുന്നു. നവിന് പട്നായിക്കിന്റെ ‘ബാബു’മാരാണ് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നത്. ഒരു ‘തമിഴ്ബാബു’വാണ് ഉത്കലിലെ ഭൂമികള്‍ നിയന്ത്രിക്കുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
ഒഡീഷയില്‍ 27 ലക്ഷം കുടുംബങ്ങള്‍ക്ക് വീടുകള്‍ ഇല്ലെന്നും 26 ലക്ഷം കുടുംബങ്ങള്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്നുണ്ടെന്നും അമിത്ഷാ കുറ്റപ്പെടുത്തി. നവീന്‍ പട്നായിക്ക് സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ ഹൈജാക്ക് ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ മോദിജി സൗജന്യ അരി നല്കുമ്പോള് നവീന്‍ പട്നായിക്ക് ഒഴിഞ്ഞ സഞ്ചികളാണ് നല്‍കുന്നതെന്നും പറഞ്ഞു.