കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ചത് സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി. സര്‍വീസ് വയറില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഇതോടൊപ്പം കാറ്റിലും മഴയിലും കടയ്ക്ക് മുകളിലുള്ള മരച്ചില്ലകള്‍ വൈദ്യുത കമ്പിയിലും കടയുടെ തകര ഷീറ്റിലും തട്ടിയതിനെത്തുടര്‍ന്നും വൈദ്യുതി പ്രവഹിച്ചിരിക്കാമെന്നും കെഎസ്ഇബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കോഴിക്കോട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള കെഎസ്ഇബി അന്വേഷണ സംഘം ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. കടയുടമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മൊഴിയും മരിച്ച യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് സമര്‍പ്പിക്കുക.
ഇന്നലെയാണ് കുറ്റിക്കാട്ടൂരില്‍ മഴയത്ത് കടയുടെ സൈഡില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റ് മരിച്ചത്. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. സ്കൂട്ടർ കേടായതിനെത്തുടർന്ന് കടയുടെ സൈഡിൽ നിർത്തി, കയറി നിൽക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോഴാണ് റിജാസിന് ഷോക്കേറ്റത്. സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.