ഊട്ടി: ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയിലേക്കുള്ള യാത്രകള്‍ വിനോദസഞ്ചാരികള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ എം അരുണ. നാളെ മുതല്‍ 20-ാം തീയതി വരെ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് ജില്ലയില്‍ പ്രവചിച്ചിട്ടുള്ളതെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ട്. യാത്ര തുടരുന്നവര്‍ അധികൃതരുടെ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിയും പതിനാറുകാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.