ഇപ്പോൾ ഏതായാലും ബിജെപി യിലേക്കില്ല;ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ് പ്രസ്താവിച്ചപ്പോൾ വീട്ടിൽ വീണത് സിപിഎമ്മും;സിപി ഐയും .തൃശൂരിൽ ബിജെപി വിജയിച്ചതിന്റെ തുടർന്നുള്ള തുടർ ചലനങ്ങൾ തുടരുകയാണ്.വികസന കാര്യത്തിൽ രാഷ്ട്രീയമില്ലെന്നുള്ള പക്ഷക്കാരനാണ് മേയർ എം കെ വർഗീസ് .
എന്നാൽ മേയറും സുരേഷ് ഗോപിയുമായുള്ള ചങ്ങാത്തം ഇരു പാർട്ടികളെയും കുഴയ്ക്കുന്ന പ്രശ്നമായി മാറി കഴിഞ്ഞു .രണ്ടു പേരും ഏതെങ്കിലും ചടങ്ങിൽ ഒന്നിച്ചാൽ ഉടൻ തന്നെ പുകഴ്ത്തൽ ആരംഭിക്കുകയായി.തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം രണ്ടാണെന്നും താനിപ്പോൾ ഇടതുപക്ഷത്തിന് ഒപ്പമാണെന്നും മേയർ ചൂണ്ടിക്കാട്ടി. നേരത്തെ മേയറുടെ നിലപാടിൽ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിൽ എംകെ വർഗീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണെന്ന് വർഗീസ് പറയുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ കഴിയില്ല. താൻ കോർപ്പറേഷൻ മേയറാണ്. കോർപ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാൽ താൻ പോകാൻ ബാധ്യസ്ഥനാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുമായി തുടരന്നും ബന്ധം വച്ചുപുലർത്തുമെന്നാണ് മേയറുടെ വാക്കുകൾ വ്യക്തമാക്കുന്നത്. തൃശൂരിന്റെ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികൾ തയ്യാറാക്കുന്നത് നല്ല കാര്യം. അദ്ദേഹം വലിയ പദ്ധതികൾ കൊണ്ടുവരട്ടെ എന്നാണ് അഭിപ്രായം. അദ്ദേഹത്തിന്റെ മനസിൽ വലിയ പദ്ധതികൾ ഉണ്ടെന്ന് മുമ്പും മനസിലായിട്ടുണ്ടെന്നും വർഗീസ് കൂട്ടിച്ചേർത്തു.
അതേസമയം, തൃശൂർ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സിപിഐയുടെ റഡാറിലുള്ള വ്യക്തിയാണ് എംകെ വർഗീസ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മേയർ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച് നടത്തിയതും പുകഴ്ത്തിയതും ഒക്കെ വലിയ തിരിച്ചടിയായെന്ന് അവർ വിലയിരുത്തിയിരുന്നു. ഇതോടെ സിപിഎം വെട്ടിലായി.
തുടർന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംകെ വർഗീസിനെ വിളിപ്പിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപിയുമായി മറ്റ് വിഷയങ്ങൾ ഒന്നും സംസാരിച്ചില്ലെന്നായിരുന്നു വർഗീസിന്റെ നിലപാട്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് കഴിഞ്ഞ ദിവസം വീണ്ടും സുരേഷ് ഗോപിയും എംകെ വർഗീസും ഒരേ വേദിയിൽ എത്തിയതും പരസ്‌പരം പുകഴ്ത്തിയതും.
ഇതോടെ വർഗീസ് ബിജെപിയിലേക്ക് പോവുകയാണെന്ന പ്രചരണവും അഭ്യൂഹങ്ങളും പല കോണുകളിൽ നിന്ന് ഉയർന്നു വന്നിരുന്നു. കോൺഗ്രസ് വിമതനായിരുന്ന എംകെ വർഗീസിനെ തൃശൂർ കോർപറേഷൻ ഭരണം പിടിക്കാനാണ് സിപിഎം കൂട്ടുപിടിച്ചത്. എന്നാൽ ഇടത് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സിപിഐയുടെ എതിർപ്പ് വർഗീസിനെതിരെ കൂടി വരികയാണ്.