കോട്ടയം: അവധി ദിവസങ്ങളിലെ ക്ലാസുകൾക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറിന്റെയോ അനുമതികത്തുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ബസുകളിൽ കൺസഷൻ യാത്ര അനുവദിക്കണമെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം. രാവിലെ ഏഴു മണിമുതൽ വൈകിട്ട് ഏഴു മണിവരെയാണ് വിദ്യാർത്ഥികൾക്ക് യാത്ര പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും ബസിൽ വൈകിട്ട് ഏഴുമണിക്ക് മുൻപ് യാത്ര ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിച്ചേരേണ്ട സ്ഥലം വരെ യാത്ര അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
കൺസഷൻ സമയം നീട്ടുന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികളോട് അമിത ചാർജ്ജ്് നിർബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ആർ.ടി ഓഫീസിൽ നിന്ന് അഞ്ചുരൂപ കൊടുത്ത് കാർഡ് വാങ്ങുന്നതിൽ എതിർപ്പില്ലെന്ന് യോഗത്തിൽ പങ്കെടുത്ത യൂണിയനുകൾ അറിയിച്ചു.
കൺസഷൻ കാർഡുകൾ ദുരുപയോഗം ചെയ്യുന്നതായി പരാതിയുയർന്നതിനാൽ കാർഡിൽ കൃത്യമായി റൂട്ട് രേഖപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കൺവീനറായ കോട്ടയം ആർ.ടി.ഒ. കെ. അജിത് കുമാർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. പി. അനിൽകുമാർ, സംഘടനാ പ്രതിനിധികൾ, വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.