Kottayam
അഡ്വ.ടി വി അബ്രാഹം അനുസ്മരണവും അവാർഡു വിതരണവും നാളെ കൊഴുവനാലിൽ:ഫ്രാൻസിസ് ജോർജ് എം പി ഉദ്‌ഘാടനം നിർവഹിക്കും
പാലാ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ.ടി വി അബ്രാഹത്തിൻ്റെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ജൂലൈ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും അറിയിച്ചു.
മാണി സി കാപ്പൻ എം എൽ എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വിദ്യാഭ്യാസ അവാർഡു വിതരണവും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റജി സഖറിയ മുഖ്യപ്രഭാഷണവും കൊഴുവനാൽ പള്ളി വികാരി റവ. ഡോക്ടർ ജോർജ് വെട്ടുകല്ലേൽ അനുഗ്രഹ പ്രഭാഷണവും നടത്തും. ടെൽക്കാ ചെയർമാൻ പി സി ജോസഫ് , മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ ഫ്രാൻസിസ് തോമസ് , ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, അഡ്വ ഫീൽസൺ മാത്യു , ബാബു കെ ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ അനുസ്മരണ പ്രസംഗവും നടത്തുന്നതാണ്.
അഡ്വ ടി വി അബ്രാഹം
കൊഴുവനാൽ കൈപ്പൻപ്ലാക്കൽ പരേതനായ വർക്കിയുടേയും റോസമ്മയുടേയും നാലാമത്തെ പുത്രനായിരിരുന്നു.
കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, ഉന്നതാധികാര സമിതി അംഗം റബ്ബർ ബോർഡ് ഡയറക്ടർ ബോർഡ് അംഗം, കുറവിലങ്ങാട് ഗെയ്കോ ഇൻഡസ്ട്രീയൽ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കൊഴുവനാൽ സർവ്വീസ് സഹകര ബാങ്ക് ഡയറക്ടർ ബോർഡ് അംഗം , കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാട്.കൂടാതെ നിരവധി ട്രേഡ് യൂണിയനുകളുടെയും സർവ്വീസ് സംഘടനകളുടെയും പ്രസിഡന്റും ആയിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ കൗൺസിൽ പ്രസിസന്റ് , ജില്ലാ കൗൺസിൽ പ്രസിഡന്റുമാരുടെ ചേംബറിന്റെ സെക്രട്ടറി, ജില്ലാ വികസന സമിതി അംഗം , മെഡിക്കൽ കോളേജ് ഉപദേശക സമിതി അംഗം, കെ എസ് ആർടിസി ഉപദേശക സമിതി അംഗം, കെ റ്റി ഡി സി ഡയറക്ടർ ബോർഡ് അംഗം, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് അംഗം, തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്