Kerala
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി;മുടിഞ്ഞ പാലാ നഗരസഭയ്ക്ക് തൊലിഞ്ഞ ഉദ്യോഗസ്ഥന്മാർ
പാലാ :കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പഴമൊഴി കേട്ടിട്ടുണ്ടെങ്കിലും പാലാ നഗരസഭയിലെ ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം കണ്ടാൽ അത് സത്യമാണെന്നു മനസിലാകും. നഗരസഭാ സാമ്പത്തീകമായി മുടിഞ്ഞതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് ഈ നഗരസഭയിലെ ഉദ്യോഗസ്ഥർ .കഴിഞ്ഞ നഗരസഭാ യോഗത്തിൽ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ പറഞ്ഞത് സത്യമാണെങ്കിൽ അടുത്ത മാസം മുതൽ ശമ്പളം പോലും നൽകുവാൻ ഇല്ലാത്ത അവസ്ഥയിലായി കാര്യങ്ങൾ.
പത്താം തീയതിയാകുമ്പോഴേ നഗരസഭയുടെ പണം മുഴുവൻ ശമ്പളത്തിനും വിവിധ ബോർഡുകളുടെ വായ്‌പ്പാ പലിശയായും നൽകി കഴിയും.എന്നാൽ അടുത്ത മാസം മുതൽ അതും മുടങ്ങുന്ന അവസ്ഥയിലാണ്.എന്നാൽ നഗരസഭാ ജീവനക്കാരുടെ അഹങ്കാരം കണ്ടാൽ അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു നടക്കാൻ മോഹം എന്ന് പറഞ്ഞ സ്ഥിതിയിലുമാണ്.
ഏകദേശം പത്ത് വര്ഷങ്ങള്ക്കു മുൻപ് ഒരു സാമ്പത്തീക വിദഗ്ദ്ധൻ പറഞ്ഞു കെ എസ് ആർ ടി സി യിൽ 10 വര്ഷം കഴിയുമ്പോൾ ശമ്പളം കിട്ടാതെയാകും എന്ന് .അന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ ആ അഭിപ്രായത്തെ പുശ്ചിച്ചു തള്ളുകയും.ജന്മി;കുത്തക; ഭൂപ്രഭു ;ബൂർഷ്വ വർഗ്ഗത്തിന്റെ പിണിയാളാണ് ആ പറഞ്ഞ സാമ്പത്തീക വിദഗ്ദ്ധനെന്നും ചാപ്പ കുത്തുകയും ചെയ്തു .പക്ഷെ വര്ഷം ഒൻപത് കഴിഞ്ഞപ്പോൾ കെ എസ് ആർ ടി സി യിൽ ശമ്പളം കിട്ടാക്കനിയായി.
സാമ്പത്തീകമായി ഞെരുങ്ങുന്ന പാലാ നഗരസഭയിൽ ഇന്ന് കട മുറികൾ ലേലം നടന്നു.ഡിപ്പോസിറ്റ് വേണ്ടാ എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ട് പോലും കടമുറികൾ ലേലം കൊള്ളുവാൻ വന്നവർ പത്തോ പന്ത്രണ്ട് പേര് മാത്രം ഏറെ ഷട്ടറുകൾ ഇപ്പോഴും ആർക്കും വേണ്ടാതെ കിടക്കുന്നു.എന്നാൽ ലേലം പിടിച്ചവർക്കു 24 മാസത്തെ ലേല തുക ജി എസ് ടി സഹിതം കെട്ടി വയ്ക്കണമെന്ന നിയമ പ്രകാരം പതിനൊന്നു മുതൽ ലേലത്തിന് വന്ന് ലേലം പിടിച്ച വൃദ്ധന് ഉച്ച തിരിഞ്ഞ് മൂന്നേകാൽ മണി വരെ കാൽ ലക്ഷത്തോളം രൂപാ അടയ്ക്കുവാനുള്ള ക്രമീകരണങ്ങൾ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ചെയ്തു കൊടുത്തില്ല .
ഭക്ഷണം കഴിക്കാതെ ഇരുന്ന വൃദ്ധൻ പ്രമേഹ രോഗിയും ;കൊളസ്‌ട്രോൾ സംബദ്ധമായ അസുഖമുള്ളയാളുമാണ് .ഓരോ മുക്കാൽ മണിക്കൂർ കൂടുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തേടി ചെന്ന് എന്റെ കാര്യമെന്തായി എന്നന്വേഷിച്ച വൃദ്ധനോട് വെയിറ്റ് ചെയ്യൂ വിളിക്കാം എന്നാണ് തുടർച്ചയായി ഈ ഉദ്യോഗസ്ഥൻ പറഞ്ഞു കൊണ്ടിരുന്നത് .അതേസമയം അനേകം ഷട്ടറുകൾ ലേലത്തിൽ പിടിച്ച് ഷട്ടർ ബിസിനസ് തൊഴിലാക്കിയവർ ഈ ഉദ്യോഗസ്ഥനോട് കാമുകി കാമുകന്മാരെ പോലേ ചേർന്നിരുന്ന് കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നതും കാണാമായിരുന്നു .
സാമ്പത്തീകമായി തകർന്നു നിൽക്കുന്ന പാലാ നഗരസഭയിലെ; ഉദ്യോഗസ്ഥന്മാരുടെ ധിക്കാര നടപടികളാണ് ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്നത്.ഇക്കഴിഞ്ഞ ദിവസം ചെയർമാൻ ഷാജു വി തുരുത്തനെ കൊണ്ട് മാപ്പ് പറയിച്ചതിന്റെ ഹാങ്ങ് ഓവറിലാണ് ഇപ്പോൾ പാലാ നഗരസഭയിലെ ഉദ്യോഗസ്ഥർ.ഇവരുടെ ആനുകൂല്യങ്ങൾ കിട്ടുവാൻ ഇവരെല്ലാവരും ഒറ്റക്കെട്ടാണ്.അതിൽ സി ഐ ടി യു എന്നോ;ഐ എൻ ടി യു സി എന്നോ;ബി എം എസ് എന്നോ വേർ തിരിവില്ല . പക്ഷെ ശമ്പളം കിട്ടണമെങ്കിൽ ഇനി ശബരിമല ശാസ്താവിനേയും ;കുരിശുപള്ളി മാതാവിനെയും പല പ്രാവശ്യം വിളിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ