കരുവാരക്കുണ്ട്: വൈക്കോൽ കയറ്റി വന്ന ലോറിക്ക് ഗൂഗിൾ മാപ്പിന്റെ വക 8 ന്‍റെ പണികിട്ടി. തമിഴ്നാട്ടിൽ നിന്നും വൈക്കോലുമായി കരുവാരകുണ്ടിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന ലോറി പാലക്കാട് എടത്തനാട്ടുകര പൊൻപാറ റോഡിലാണ് കുടുങ്ങിയത്.
ഗൂഗിൾ മാപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാന പാതയിൽ അലനല്ലൂരിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എടത്താനാട്ടുകര റോഡിലേക്ക് പ്രവേശിച്ചു. അതുവരെയുള്ള യാത്ര പെർഫക്ട് ആയിരുന്നു. എടത്താനാട്ടുകരയിൽ എത്തിയപ്പോൾ ഗൂഗിൾ മാപ്പ് കരുവാരകുണ്ടിലേക്കുള്ള ഏറ്റവും എളുപ്പ വഴിയായ പൊൻപാറ റോഡിലേക്ക് തിരിയാൻ നിർദേശം നൽകി.
ഈ യാത്ര 100 മീറ്റർ കഴിഞ്ഞപ്പോഴേക്കും ഡ്രൈവർക്ക് പന്തികേട് തോന്നി. ഇടുങ്ങിയ റോഡ്, വൈദ്യുതി കേബിളുകൾക്ക് റോഡിൽ നിന്നും അധികം ഉയരമില്ല. എതിരെ വണ്ടി വന്നാൽ സൈഡ് നല്കാനും കഴിയില്ല എന്നതൊക്കെയായിരുന്നു അവസ്ഥ. ഊരാകുടിക്കിലേക്കാണ് പോകുന്നതെന്ന് തോന്നിയ ഡ്രൈവർ തിരിച്ചു പോവാം എന്ന് കരുതി വാഹനം തിരിക്കാൻ ശ്രമിച്ചതോടെ ഒരു വശം ചെളിയിൽ താഴ്ന്നു. പിന്നെ ഒരടി മുന്നോട്ടോ, പിന്നോട്ടോ പോവാൻ കഴിയാതെ ലോറി അക്ഷരാർത്ഥത്തിൽ പെട്ടു.