Politics
കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ എം.വിൻസെന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി
കാര്യവട്ടം ക്യാംപസിൽ കെഎസ്‌യു നേതാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ എം.വിൻസെന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി.പൊലീസിനു മുന്നിൽ വെച്ചായിരുന്നു പ്രവർത്തകർ എംഎൽഎയെ കയ്യേറ്റം ചെയ്തത്.സംഭവത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ അര്‍ധരാത്രി കെഎസ്‌യു നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധമാണ് സംഘർഷത്തിൽ കലാശിച്ചത്.
കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് ആരോപണം.ഇതിൽ കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷന്റെ വാതിൽക്കലായിരുന്നു ഉപരോധം.
ഇതിനിടെ കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് സംഘടിച്ചെത്തുകയായിരുന്നു.തുടർന്ന് ഇരുപക്ഷവും സ്റ്റേഷനു മുന്നിൽ പോര്‍വിളി തുടങ്ങി.ഈ സമയം ഇവിടേക്കെത്തിയ എം.വിൻസെന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയായിരുന്നു .ഇതിനിടെ കല്ലേറിൽ പരുക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്കു മാറ്റി.