Kerala
ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം : പി.ജെ ജോസഫ് എം.എൽ.എ
കോട്ടയം : സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിമൂലം ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി പി ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.കെ.എസ് സി സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിദ്യാർഥികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ, ഇതുവരെയുണ്ടായ ക്രമക്കേടുകൾ ആവർത്തിക്കാതെ, കുറ്റമറ്റ നിലയിൽ തുടർന്ന് പരീക്ഷ നടത്താൻ കഴിയുന്ന വിധത്തിൽ ദേശീയ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പിജെ ജോസഫ് അഭ്യർത്ഥിച്ചു.
കെ എസ് സി സംസ്ഥാന നേതൃസംഗമം 14 ജില്ലയിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 31ന് കോട്ടയത്ത് നടത്താൻ യോഗം തീരുമാനിച്ചു.
രണ്ടുമാസത്തിനുള്ളിൽ എല്ലാ ജില്ലാ- നിയോജക മണ്ഡലം കമ്മിറ്റികളും പുനസംഘടിപ്പിച്ചു കൊണ്ട് പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരുന്നതാണ്. ജൂലൈ ഒന്നുമുതൽ 30 വരെ കോളേജ് – സ്കൂൾ – ലോക്കൽ യൂണിറ്റുകളിൽ കെ.എസ്.സി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നതിന് തീരുമാനിച്ചു.കെ. എസ്. സി സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് നേതാക്കളായ മുൻ എം.പി പി സി തോമസ് ,അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മുൻ എംപി അഡ്വ. ജോയ് എബ്രഹാം, മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ, കെ. എഫ് വർഗീസ്, പ്രഫ. ഗ്രേസമ്മ മാത്യു, അഡ്വ. രാകേഷ് ഇടപ്പുര, ഷിജു പാറയിടുക്കിൽ, അഭിലാഷ് കരകുളം അഡ്വ.ജോർജ് ജോസഫ്, നോയൽ ലുക്ക് എന്നിവർ പ്രസംഗിച്ചു