കോട്ടയം: 73 വയസുള്ള സ്വന്തം അമ്മയെ വാക്കത്തികൊണ്ടു തലയ്ക്കു വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം ശിക്ഷയും പതിനായിരം രൂപ പിഴയും. 2022 മെയ്മാസം 22-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യപ്പെട്ട അയർക്കുന്നം പാദുവ താന്നിക്കത്തടത്തിൽ വീട്ടിൽ ശാന്തയുടെ വീട്ടിൽ പ്രതിയുടെ സഹോദരൻ താമസിക്കുന്നതിലുള്ള വിരോധം മൂലം സംഭവദിവസം പ്രതി രാജേശ്വരി ശാന്തയുടെ വീട്ടിലെത്തുകയും മുറിക്കുള്ളിൽ ഉണ്ടായിരുന്ന ശാന്തയുടെ തലയ്ക്കു വെട്ടുകയും പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ ശാന്തയെ പിന്നാലെ ഓടി പറമ്പിൽവെച്ചും തലയ്ക്കു വെട്ടി കൊല്ലുകയായിരുന്നു.
മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ് നിർണായകമായത്. 14 തൊണ്ടിമുതലുകൾ ഹാജരാക്കിയതുൾപ്പെടെയുള്ളവ പരിശോദിച്ചു അഡീഷണൽ ജില്ലാ കോടതി (II ) സ്പെഷ്യൽ ജഡ്ജ് ജെ നാസർ ആണ് പ്രതിയ്ക്കു ജീവപര്യന്തം തടവും 10000 രൂപ പിഴയും വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ഒരുമാസം കൂടി തടവ് അനുഭവിക്കണം. അയർക്കുന്നം പോലീസ് രജിസ്റ്റർ ചെയ്ത Crime no 627/22 കേസിൽ എസ്.എച്.ഒ ആർ മധു ആയിരുന്നു അന്വേഷണോദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം ഹാജരായി.